ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ വീട്ടിലെ വോട്ടിൽ ഒപ്പിടാതെ പോളിംഗ് ഉദ്യോഗസ്ഥർ മനഃപൂർവം അസാധുവാക്കിയെന്ന ആരോപണവുമായി യുഡിഎഫ്. ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.
വീട്ടിലെ വോട്ടടക്കം 12,665 പോസ്റ്റൽ വോട്ടുകളാണ് കാസർകോട് മണ്ഡലത്തിലാകെ രേഖപ്പെടുത്തിയത്. ഇതിൽ 3838വോട്ടുകളും അസാധുവായി. അതായത് 30 ശതമാനത്തിലേറെ വോട്ടുകൾ അസാധു. യുഡിഎഫ് സ്ഥാനാർഥിയായ രാജ്മോഹൻ ഉണ്ണിത്താന് 3022 പോസ്റ്റൽ വോട്ടുകൾ ലഭിച്ചപ്പോഴാണ് അതിലേറെ വോട്ടുകൾ അസാധുവായത്. വീട്ടിലെ വോട്ടിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനഃപൂർവം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫിന്റെ ആരോപണം.
ഇടതുപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരാണ് വോട്ട് അസാധുവാക്കിയതിന് പിന്നിലെന്നാണ് യുഡിഎഫ് പറയുന്നത്. പ്രായമായവരുടെയടക്കം വോട്ട് അസാധുവാക്കിയതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയെയാകെ ഉദ്യോഗസ്ഥർ കളങ്കപ്പെടുത്തിയെന്നും ഇവർക്കെതിരെ നടപടിവേണമെന്നുമാണ് ആവശ്യം. ഇക്കാര്യമാവശ്യപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ്.