രാജ്യസഭ സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പിക്കാനുളള സമയമായെങ്കിലും മുസ്ലീംലീഗിനുളളില്‍ ചില പേരുകള്‍ വച്ചുളള ചര്‍ച്ച പുരോഗമിക്കുകയാണ്. യുവമുഖത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പേരും പട്ടികയില്‍ ഉയര്‍ന്നു വരുന്നുണ്ട്.
മുതിര്‍ന്ന നേതാക്കളായ ഇടി മുഹമ്മദ് ബഷീറും എംപി അബ്ദുസമദ് സമദാനിയും പാര്‍ലമെന്‍റ് അംഗങ്ങളായതോടെ ഒരു യുവമുഖത്തേയോ പുതുമുഖത്തേയോ പരിഗണിക്കണമെന്ന വികാരം ശക്തമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കെഎംസിസി നേതാവ് കൂടിയായ ഹാരിസ് ബീരാന്‍റെ പേരും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. മുസ്‍ ലീംലീഗിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ വ്യവസായി സിപി ബാവാഹാജിയുടെ പേര് സജീവ പരിഗണനയിലാണ്. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും പ്രവാസി വ്യവസായിയുമായ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിലിനെ രാജ്യസഭാംഗമാക്കണമെന്ന ചര്‍ച്ചകളും ലീഗ് നേതൃത്വത്തിനുളളിലുണ്ട്.
യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബുവിന്‍റെ പേരും ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പേര് പരിഗണനയിലുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരുകയാണ് ഉചിതമെന്ന അഭിപ്രായം ഉയരുന്നുണ്ട്.