suresh-gopi-mundathikode

‌മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനവാർത്ത അതീവ ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് അറിഞ്ഞതെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ എത്രയും വേഗം ആരോഗ്യവാന്മാരായി തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

​ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരമായി സംസാരിക്കുകയും സ്ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. ദുരിതബാധിതരായ കുടുംബങ്ങളെ ചേർത്തുപിടിക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് നിൽക്കാം. - അദ്ദേഹം കുറിച്ചു. 

തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരകളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പാടശേഖരത്തിൽ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. പരുക്കേറ്റ 23 പേരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. 

ഇന്ന് ഉച്ചതിരിഞ്ഞ് 3:30-ഓടെയാണ് മുണ്ടത്തിക്കോട്ടെ രണ്ടര ഏക്കർ വിസ്തൃതിയുള്ള പറമ്പിലെ അഞ്ച് വെടിക്കെട്ട് പുരകളിൽ സ്ഫോടനമുണ്ടായത്. 40-ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് സെക്കൻഡുകൾക്കുള്ളിൽ എല്ലാം ചാരമായി മാറി. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങൾ ദൂരേക്ക് ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്.

ENGLISH SUMMARY:

Malayala Manorama Online News reports on the devastating explosion at the Mundathikode fireworks factory, with Thrissur MP Suresh Gopi expressing deep sorrow and pledging support for the victims and their families. The incident, which occurred during preparations for the Thrissur Pooram festival, has claimed 12 lives and injured 23, with many in critical condition.