rahul-or-modi

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇമേജില്‍ മുന്നേറാം എന്നാണ് ബിജെപി പ്രതീക്ഷ. പ്രചാരണങ്ങളിലടക്കം ബിജെപിക്ക് മുന്നോട്ട് വെയ്ക്കാനുണ്ടാവുക മോദി സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രധാനമന്ത്രി വലിയ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന് പറഞ്ഞ ബിജെപിക്ക് അത് നടപ്പിലാക്കാന്‍ സാധിച്ചില്ല. ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രകടനത്തെ കേരളത്തിലെ വോട്ടര്‍മാര്‍ എങ്ങനെ വിലയിരുത്തുന്നു. സംസ്ഥാനത്തെ വോട്ടര്‍മാരോട് മനോരമന്യൂസ് ഇതേ ചോദ്യം ഉന്നയിച്ചു. 

പ്രധാനമന്ത്രിയുടെ പ്രകടനം നല്ലത് എന്ന് അഭിപ്രായപ്പെട്ടത് 31.6 ശതമാനം പേരാണ്. ശരാശരി എന്ന് അഭിപ്രായപ്പെട്ടത് 16.4 ശതമാനം പേര്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്ന് പറയുന്നവരാണ് സര്‍വേയില്‍ കൂടുതല്‍. 47.5 % ശതമാനം പേര്‍ക്കും പ്രധാനമന്ത്രിയുടെ പ്രകടനത്തെ പറ്റി അഭിപ്രായം മോശമാണ്. 4.5 % പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ കൂടുകയാണ്. ആദ്യ ആഴ്ചയില്‍ നിന്ന് രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോള്‍ രണ്ടു ശതമാനം വര്‍ധന കാണാം. ഫെബ്രുവരി ആദ്യ വാരം 45.5 % പേര്‍ പ്രധാനമന്ത്രിയുടെ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഫെബ്രുവരി രണ്ടാം വാരം 47.5 % ആയി ഉയര്‍ന്നു. പ്രധാനമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ ആദ്യ രണ്ട് ആഴ്ചകളില്‍ വലിയ വ്യത്യാസമില്ല. ഫെബ്രുവരി ആദ്യ വാരം 31.2 ശതമാനമായിരുന്നു. ഫെബ്രുവരി രണ്ടാം വാരത്തില്‍ ഇത് 31.6 % ആയി. 

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി കേരളത്തില്‍ വര്‍ധിക്കുകയാണ്. മോദിയോ രാഹുലോ ജനപ്രിയന്‍ എന്ന ചോദ്യത്തിന് 51.6 ശതമാനം പേരാണ് രാഹുലിന് അനുകൂലമായി വോട്ട് ചെയ്തത്. 30.3 ശതമാനം വോട്ട് മോദിക്കുണ്ട്. നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ കേരളത്തില്‍ വലിയ മാറ്റമില്ല. ഫെബ്രുവരി ആദ്യ വാരം 30.7 %, ഫെബ്രുവരി രണ്ടാം വാരം 30.3 %. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുകയാണ്. ഫെബ്രുവരി ആദ്യ വാരം 48.5 ശതമാനമായിരുന്ന രാഹുലിന്‍റെ ജനപ്രീതി. ഫെബ്രുവരി രണ്ടാം വാരം വോട്ടെടുപ്പില്‍ പങ്കെടുത്ത പകുതിയിലധികം പേരും രാഹുലിന് വോട്ടു ചെയ്തു, 51.6 %.

ENGLISH SUMMARY:

Prime Minister Narendra Modi's performance in Kerala has been evaluated by voters in a Manorama News survey. The survey indicates that a significant portion of voters find his performance unsatisfactory, with a rising trend in negative opinions.