ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന പാത തകർന്ന് തരിപ്പണമായി. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നടുവൊടിയുന്ന യാത്രയാണ് ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് നടത്തിയ അറ്റകുറ്റപ്പണികൾ മഴയത്ത് ഒലിച്ചുപോയതോടെയാണ് യാത്രാദുരിതം വീണ്ടും രൂക്ഷമായത്.
ആശുപത്രിയുടെ പ്രധാന കവാടം മുതൽ കെട്ടിടത്തിന് സമീപം വരെ റോഡ് കുണ്ടും കുഴിയുമാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്ക് പുറമെ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും ആംബുലൻസുകളുമാണ് പ്രതിദിനം ഈ പാതയെ ആശ്രയിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെയും ഗർഭിണികളെയും കുലുക്കമില്ലാതെ ആശുപത്രിയിലെത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്.
കഴിഞ്ഞ മേയ് മാസത്തിൽ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും ഗുണനിലവാരമില്ലാത്ത ടാറിങ് കാരണം മഴയെത്തിയതോടെ റോഡ് പഴയപടിയായി. നിലവിൽ അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.