ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഭക്തര്‍ സംഭാവനയായി നല്‍കിയ മുഴുവന്‍ സ്വര്‍ണവും കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ്. സിനിമാതാരങ്ങളടക്കം 27 പേരുടെ വിവരങ്ങള്‍ മാത്രമാണ് രേഖകളിലുള്ളത്. സുരേഷ് ഗോപിയേക്കൂടാതെ മോഹന്‍ലാലടക്കം എട്ട് സിനിമാതാരങ്ങള്‍ സ്വര്‍ണം സംഭാവന ചെയ്തു. സംഭാവനയുടെ പൂര്‍ണവിവരം കണ്ടെത്താനായി മുഴുവന്‍ ഫയലും കൈമാറാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.
സുരേഷ് ഗോപിയും രണ്‍ജി പണിക്കറും ഷാജി കൈലാസും സുരേഷ് കുമാറും...കൊടിമരത്തിലേക്ക് ഭക്തിപൂര്‍വം സ്വര്‍ണം സംഭാവന ചെയ്യാന്‍ താരങ്ങളുടെ നീണ്ടനിരയായിരുന്നു. ദൃശ്യങ്ങളിലില്ലെങ്കിലും മോഹന്‍ലാലും സ്വര്‍ണം നല്‍കി. അങ്ങിനെ എട്ട് താരങ്ങള്‍. ഇതുകൂടാതെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം പലരും സ്വര്‍ണം കൊടുത്തു. പക്ഷെ ഇതൊന്നും കൃത്യമായി കണക്കിലില്ലെന്ന സൂചനയാണ് ഫയലുകള്‍ പരിശോധിച്ച ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. 27 പേരുടെ പേരുവിവരങ്ങളുണ്ട്. ഇതുകൂടാതെ മറ്റ് ചിലരും സംഭാവന നല്‍കിയെന്നും ഫയലില്‍ എഴുതിയിട്ടുണ്ട്. പക്ഷെ ഇവരുടെ പേരോ ഇവര്‍ നല്‍കിയ സ്വര്‍ണത്തിന്‍റെ അളവോ എഴുതിയിട്ടില്ല. അവ മനപ്പൂര്‍വം മറച്ചുവെച്ചുള്ള തട്ടിപ്പാണോയെന്നാണ് സംശയം. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ എ.എസ്.പി കുറുപ്പാണ് സ്വര്‍ണം സ്വീകരിച്ചത്. ഫയലില്‍ എഴുതാതിരുന്നതിന് കൂടാതെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും സംഭാവന നല്‍കിയ മുഴുവന്‍ പേരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. എ.എസ്.പി കുറുപ്പിന്‍റെ ഈ നടപടിയേയും സംശയത്തോടെയാണ് വിജിലന്‍സ് കാണുന്നത്. അതിനാല്‍ കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിജിലന്‍സ് ആവശ്യപ്പെട്ടു. അവ പരിശോധിച്ച ശേഷം സ്വര്‍ണം നല്‍കിയ താരങ്ങളടക്കമുള്ളവരെ കണ്ട് അവര്‍ നല്‍കിയ സ്വര്‍ണത്തിന്‍റെ അളവ് അറിയും. എ.എസ്.പി കുറുപ്പിനെയും ചോദ്യം ചെയ്യും. അത്തരത്തില്‍ ആകെ എത്ര സ്വര്‍ണം സംഭാവനയായി ലഭിച്ചെന്ന് ഉറപ്പിക്കാനാണ് വിജിലന്‍സിന്‍റെ ആദ്യശ്രമം. അതേസമയം വാജീവാഹനം തന്ത്രിക്ക് കൈമാറിയതല്ലാതെ കൊടിമരത്തിലെ മറ്റ് വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും അവ സ്ട്രോങ് റൂമിലുണ്ടെന്നും ദേവസ്വം വിജിലന്‍സ് ഉറപ്പിച്ചു.