pulsar-vijesh

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ഇനിയെത്ര നാള്‍ ജയില്‍വാസം അനുഭവിക്കണം?  പ്രതികള്‍ ജയിലില്‍ കിടന്ന കാലയളവ് കുറയ്ക്കുമെന്നിരിക്കെ ഒന്നാംപ്രതി പള്‍സര്‍ സുനി ഏതാണ്ട് 13വര്‍ഷം ഇനി തടവുശിക്ഷ അനുഭവിച്ചാല്‍ മതി. മാര്‍ട്ടിന്‍ 13വര്‍ഷവും മണികണ്ഠന്‍ 16വര്‍ഷവും ജയിലില്‍ കിടക്കണം. വിജീഷ് 16വര്‍ഷവും വടിവാള്‍ സലീമും പ്രദീപും 18വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. 

Also Read: 'പ്രതികള്‍ക്ക് കിട്ടിയ ശിക്ഷ വളരെ കുറ‍ഞ്ഞുപോയി, ഇത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ്, അപ്പീല്‍ നല്‍കും'.


പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും 20വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് വിധിച്ചു. പ്രതികളുടെ പ്രായവും കുടുംബസാഹചര്യവും പരിഗണിച്ചു. എല്ലാശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നിലവില്‍ പ്രതികള്‍ അനുഭവിച്ച തടവ് കാലയളവ് ഇളവുചെയ്യും. അതിജീവിതയ്ക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം. സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.

കുറഞ്ഞശിക്ഷ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.അജകുമാര്‍ പ്രതികരിച്ചു.. ശിക്ഷയില്‍ നിരാശയുണ്ട്. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നീതി മേല്‍ക്കോടതിയില്‍ നിന്ന് ലഭിക്കുമെന്നും അജകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

ENGLISH SUMMARY:

Actress assault case verdict reveals jail terms for the convicts. The convicts' previously served jail time will be reduced from the final sentence, as determined by the Ernakulam Sessions Court.