എയര്‍ ഏഷ്യ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി മലയാളി ഇന്‍ഫ്ളൂവന്‍സേഴ്സ്. രണ്ട് ദിവസമായി തായ്ലന്‍ഡിലേക്ക് പോകാന്‍ നില്‍ക്കുകയാണെന്നും എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് എയര്‍ലൈന്‍സ് രണ്ടു ദിവസം തങ്ങളെ എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയെന്നുമാണ് പരാതി. വിശ്രമിക്കാനായി ആറ് മണിക്കുര്‍ നേരത്തേക്ക് ഹോട്ടല്‍ മുറി എടുത്ത് തന്നിരുന്നു. ബാക്കി സമയം എയര്‍പോര്‍ട്ടില്‍ തന്നെ ചിലവഴിക്കേണ്ടി വന്നു.
ചിറയന്‍കീഴ് സ്വദേശികളായ സന്ദീപ്, അനീഷ്, സുബിന്‍ എന്നിവരാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. കൈ കുഞ്ഞുങ്ങളുമായി അടക്കം ഒട്ടേറെപ്പേര്‍ ഇത്തരത്തില്‍ കാത്തുനിന്നിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മാനേജ്മെന്‍റ് പ്രതിനിധികളാരും യാത്രക്കാരുമായിസംസാരിക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. വിമാനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് വിമാനം വൈകാന്‍ കാരണമെന്നാണ് ജീവനക്കാര്‍ അറിയിച്ചത്.
'തായ്ലന്‍ഡില്‍ പോകാനായി ഇന്നലെ രാവിലെ 11.15ന്‍റെ വിമാനം ബുക്ക് ചെയ്ത് എത്തിയതാണ്. മൂന്ന് മണിയായപ്പോള്‍ വിമാനം റദ്ദാക്കിയെന്ന് അറിയിച്ചു. ടയര്‍ പഞ്ചറായതാണെന്നാണ് അറിയിച്ചത്. അവര് തന്നെ റൂം എടുത്ത് തന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് റൂമില്‍ എത്തുന്നത്. രാവിലെ 11:30ക്ക് ഹോട്ടലില്‍ നിന്ന് വിളിച്ച് വെക്കേറ്റ് ചെയ്യാന്‍ പറഞ്ഞു. പിറ്റേ ദിവസം വെളുപ്പിന് ഒന്നേകാലിനാണ് ഫ്ലൈറ്റ്. ഇപ്പോഴും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലത്തെ പ്രശ്നം ഇതുവരെയും പരിഹരിച്ചിട്ടില്ല. അവരുടെ എയര്‍ ഏഷ്യ ഫ്ലൈറ്റില്‍ തായ്‍ലന്‍ഡില്‍ നിന്നും ആളു വന്നാലേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്.
കൈക്കുഞ്ഞുങ്ങളെയും കൊണ്ട് രണ്ട് ദിവസമായി ഇവിടെ നില്‍ക്കുന്ന ആളുകളുണ്ട്. നാല് ദിവസത്തെ പാക്കേജ് എടുത്ത് പോകുന്നവര്‍ രണ്ട് ദിവസമാണ് എയര്‍പോര്‍ട്ടില്‍ കിടക്കുന്നത്. കണക്ഷന്‍ ഫ്ലൈറ്റ് ആണെങ്കില്‍ വിമാനക്കമ്പനി പണം തരികയുമില്ല. അതുകൊണ്ട് ടിക്കറ്റ് നിരക്ക് കുറവാണെന്ന് കരുതി എയര്‍ ഏഷ്യയൊന്നും ആരും എടുക്കരുത്. എയര്‍പോര്‍ട്ടില്‍വെച്ച് തായ്‍ലാന്‍ഡിലേക്ക് പോകാന്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റെടുത്ത ഇന്‍ഫ്ളുവേഴ്സിനെ കണ്ടിരുന്നു. അവരൊക്കെ അവിടെ എത്തി. ഞങ്ങള്‍ ഇപ്പോഴും ഇവിടെ നില്‍ക്കുകയാണ്. ഒരു ഉത്തരവാദിത്വമില്ലാത്ത എയര്‍ലൈന്‍സ് ആണ്. പാവം സ്റ്റാഫുകള്‍ക്കാണെങ്കില്‍ ഒന്നും അറിഞ്ഞുകൂടാ' എന്നാണ് ഇവര്‍ പറയുന്നത്.