ആലപ്പുഴ അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്കുവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. എരമല്ലൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. എണ്‍പത് ടണ്‍വീതം ഭാരമുള്ള രണ്ട് ഗര്‍ഡറുകള്‍ ജാക്കി തെന്നിയതോടെ വീണു. ഒരു ഗര്‍ഡര്‍ വാഹനത്തിന് മുകളില്‍ പതിച്ചു. മറ്റൊരെണ്ണത്തിന്റെ ഒരു ഭാഗം നിലത്തും മറുഭാഗം തൂണില്‍ തങ്ങിനില്‍ക്കുകയുമാണ്. അപകടം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് ഗര്‍ഡര്‍ അല്‍പ്പം ഉയര്‍ത്തി വാഹനം വലിച്ച് പുറത്തെടുത്തത്. പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് രാജേഷിനെ പുറത്തെടുത്തത്.
അപകടത്തില്‍ പൊതുമരാമത്ത് മന്ത്രി റിപ്പോര്‍ട്ട് തേടി. ഗര്‍ഡര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. അരൂക്കുറ്റി, കുമ്പളങ്ങി പാതകളിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഗര്‍ഡറുകള്‍ മുറിച്ചുമാറ്റി നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങി. ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.
ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ് അപകടസ്ഥലം പരിശോധിച്ചു. അപകടം ഗര്‍ഡര്‍ ബെയറിങ്ങിലേക്ക് സ്ഥാപിക്കുമ്പോഴാണ് സംഭവിച്ചത്. ജാക്കി തെന്നി. ഒരു ഗര്‍ഡര്‍ മറ്റൊരണ്ണത്തിലേക്ക് വീണു. ഗതാഗതം തടയാന്‍ നിര്‍ദേശിച്ചിരുന്നു. പരിശോധിക്കും. കമ്പനിയോട് റിപ്പോര്‍ട്ട് തേടിയെന്നും കലക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ തിരക്കിട്ട് നിര്‍മാണപ്രവൃത്തി തീര്‍ക്കുകയാണ് കമ്പനിയെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.
എന്‍പത് ടണ്‍ ഭാരമുള്ള രണ്ട് ഗര്‍ഡറുകളാണ് നിലംപതിച്ചത്. പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. 12.75 കിലോമീറ്റര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ എഴുപത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്നും തെന്നിയാണ് ഗര്‍ഡറുകള്‍ നിലംപതിച്ചത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കിയ ശേഷമാണ് പിക്കപ്പ് വാന്‍ പുറത്തെടുത്തത്.