TOPICS COVERED

ജാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് വെച്ച് കൊന്ന സംഘത്തിലെ മാവോയിസ്റ്റ് മൂന്നാറിൽ എൻഐഎയുടെ പിടിയിൽ. ഗൂഢാർവിള എസ്റ്റേറ്റിൽ ഒളിവിൽ കഴിഞ്ഞ സാവൻ ടുട്ടിയെയാണ് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുന്‍പ് മൂന്നാറിലെത്തിയ സാവന്‍ തോട്ടം തൊഴിലാളിയെന്ന വ്യാജേനയാണ് കുടുംബ സമേതം കഴിഞ്ഞിരുന്നത്. 

2021 ജാര്‍ഖണ്ഡിലെ ലാഞ്ചി വനത്തില്‍വെച്ചാണ് മാവോയിസ്റ്റുകളുടെ ഐഇഡി ബോംബ്  ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സേനയിലെ അംഗങ്ങളായ മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നല്‍കിയ നാല് മാവോയിസ്റ്റ് നേതാക്കളെ നാല് മാസങ്ങള്‍ക്ക് ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മറ്റ് പ്രതികളെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചത്. ബോംബ്  സ്ഥാപിച്ചതും അതിന് വേണ്ട സഹായം ചെയ്ത് നല്‍കിയ സാവന്‍ അടക്കം പതിനഞ്ച് പേര്‍ ഒളിവിലായിരുന്നു. 

എന്‍ഐഎ ജാര്‍ഖണ്ഡ് യൂണിറ്റിന്‍റെ അന്വേഷണത്തിലാണ് സാവന്‍ കേരളത്തിലെത്തിയെന്ന നിര്‍ണായക വിവരം മാസങ്ങള്‍ക്ക് മുന്‍പ് ലഭിക്കുന്നത്. തുടര്‍ന്ന് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സാവനിനെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിന് വേണ്ടി ധനസമാഹരണം നടത്തുകയും ആയുധങ്ങള്‍ എത്തിച്ചതും സാവന്‍ ടുട്ടിയുടെ നേതൃത്വത്തിലാണ്. സുരക്ഷാ സേനാ അംഗങ്ങളെ കൊലപ്പെടുത്താനുള്ള ഗൂഢലോചനയിലും സാവന്‍ ഭാഗമായിരുന്നു. ആക്രമണത്തിന് ശേഷം ജാര്‍ഖണ്ഡ് വിട്ട സാവന്‍ പലയിടങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ മൂന്നാറിലെത്തി. 

ഗൂഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കയറിയായിരുന്നു ഒളിവു ജീവിതം. കുടുംബത്തോടൊപ്പമായിരുന്നു താമസം. ജാര്‍ഖണ്ഡില്‍ നിന്നും കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെയാണ് സാവ\നെ പിടികൂടിയത്. സാവന്‍ എങ്ങനെ മൂന്നാറിലെത്തി സഹായികള്‍ ആരായിരുന്നു എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.  കൂടുതല്‍ പേര്‍ കേരളത്തിലെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Naxalite arrest is the primary focus. A Naxalite, who was involved in killing policemen in Jharkhand, was arrested in Munnar while hiding as a guest worker.