murari-babu-02

 ശബരിമല ശ്രീകോവിലിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ  സ്വര്‍ണപ്പാളി കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ നടപടിയുമായി  ദേവസ്വം ബോര്‍ഡ്. ചെമ്പുപാളികളെന്ന് റജിസ്റ്ററിലെഴുതിയാണ്  ഇവ സ്വര്‍ണം പൂശാനായി കൈമാറിയത് . 2019ല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്  മുരാരി ബാബുവാണെന്ന് ചൂണ്ടിക്കാട്ടിയാണ്  ദേവസ്വംബോര്‍ഡ് ഇപ്പോള്‍ നടപടിയിലേക്ക് കടന്നത് . രേഖകളിലെവിടെയും സ്വര്‍ണം എന്നില്ലായിരുന്നതിനാല്‍ ചെമ്പുപാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയെന്നായിരുന്നു മുരാരി ബാബുവിന്‍റെ വിചിത്രവാദം . 2019ല്‍ പുതിയ വാതില്‍ വച്ചപ്പോള്‍ ദ്വാരപാലകശില്‍പങ്ങളുടെ നിറം മങ്ങി ചെമ്പ് തെളിഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വര്‍ണം പൂശാന്‍ നിര്‍ദേശം മുന്നോട്ടു വച്ച് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്. 

അടിസ്ഥാനലോഹത്തിന്‍റെ പേരാണ് രേഖപ്പെടുത്തിയത്. ഇത്തവണയും സ്വര്‍​ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടാമെന്ന് സ്മാര്‍ട് ക്രിയേഷന്‍സ്  നിര്‍ദേശിച്ചതനുസരിച്ചാണ് അങ്ങനെ ചെയ്യാമെന്ന് താന്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കിയതെന്നും മുരാരി ബാബു ന്യായീകരിക്കുന്നു. നിലവില്‍ ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണറാണ് മുരാരി ബാബു. 

അതേസമയം, ദ്വാരപാലക ശില്‍പ്പങ്ങളുടെ  സ്വര്‍ണപ്പാളിയില്‍ നിന്ന്  ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായെന്ന് ദേവസ്വം വിജിലന്‍സ് ഉറപ്പിച്ചിട്ടുണ്ട്. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. അതുകൊണ്ട് സ്വര്‍ണക്കവര്‍ച്ചയെന്ന പേരില്‍ കേസെടുത്തുകൊണ്ട് അന്വേഷണം തുടങ്ങാനാണ് എ.ഡി.ജി.പി H.വെങ്കിടേഷിന്‍റെ നേതൃത്വത്തിലെ പ്രത്യേകസംഘത്തിന്‍റെ തീരുമാനം. 

കവര്‍ച്ച, വിശ്വാസവഞ്ചന, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒന്നാം പ്രതിയാക്കും. 2019 ല്‍ ഉണ്ണികൃഷ്ണന് പാളികള്‍ കൊടുത്തുവിട്ടപ്പോഴും തിരികെ സ്വീകരിച്ചപ്പോഴും പ്രധാന പദവിയിലുണ്ടായിരുന്ന ജീവനക്കാരും കൂട്ടുപ്രതികളായേക്കും. ആരെയൊക്കെ പ്രതിചേര്‍ക്കണമെന്ന് ദേവസ്വം വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനം. വെള്ളിയാഴ്ചയാണ് അന്തിമ റിപ്പോര്‍ട്ട് കൈമാറുക. 

അതിനിടെ എസ്.പിയുടെ നേതൃത്വത്തിലെ ദേവസ്വം വിജിലന്‍സ് സംഘം സന്നിധാനത്തെത്തി സ്ട്രോങ് റൂം ഉള്‍പ്പടെ പരിശോധിച്ചു. കഴിഞ്ഞമാസം വീണ്ടും ചെന്നൈയിലെത്തിച്ച സ്വര്‍ണം പൂശിക്കൊണ്ടുവന്ന ദ്വാരപാലക ശില്‍പ്പ പാളിയാണ് പ്രധാനമായും പരിശോധിച്ചത്. ഈ പാളികളും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ പാളികളും ഒന്ന് തന്നെയാണോയെന്ന് അറിയാനാണ്. അതിനായി ഇന്ന് എടുത്ത ഫോട്ടോയും 2019ലെ ഫോട്ടോയുമായി ഒത്തുനോക്കും. ഇതോടെ സ്വര്‍ണപ്പാളി പോറ്റി മാറ്റിയോയെന്ന് വ്യക്തമാവും.

ENGLISH SUMMARY:

The Travancore Devaswom Board has taken action in the case involving the missing gold plating from the Dwarapalaka sculptures in front of the Sabarimala Sreekovil. The panels were officially recorded as “copper plates” when they were actually handed over for gold plating. The Board has now taken disciplinary action against Murari Babu, who submitted the report in 2019. Murari Babu claimed that since the documents did not explicitly mention gold, he recorded them as copper in his report. When new doors were installed in 2019, the color of the Dwarapalaka sculptures had faded, revealing the copper underneath. Hence, he submitted a report recommending gold plating.