കാസർകോട് യാത്രക്കാരുടെ ജീവൻ പണയം വെച്ച് കർണാടക ആർടിസി ബസ്സുകൾ. തേഞ്ഞ് തീർന്ന ടയറും, അടയ്ക്കാത്ത ഡോറുമായാണ് ബസ്സുകളുടെ മരണപ്പാച്ചിൽ. തലപ്പാടിയിൽ ആറു പേർ മരിച്ച അപകടത്തിന് പിന്നാലെ പരാതികൾ ഉയർന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞമാസം തലപ്പാടിയിൽ ഉണ്ടായ അപകടത്തിന് പിന്നാലെ കാസർകോട് മഞ്ചേശ്വരം എംഎൽഎമാർ കർണാടക ആർടിസി ബസ്സുകളുടെ നിയമലംഘനങ്ങൾക്കെതിരെ വിമർശനം ഉയർത്തിയിരുന്നു. കർണാടക ആർട്ടിസിക്ക് പരാതിയും നൽകിയിരുന്നെങ്കിലും, ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ദിവസേന നിരവധി കർണാടക ആർടിസി ബസ്സുകളാണ് കാസർകോട് വന്ന് മടങ്ങുന്നത്. ഇവയിൽ സുരക്ഷിതമായി ഡോറടച്ച് യാത്ര ചെയ്യുന്നവ കാണാനേയില്ല. ഡ്രൈവർക്ക് നിയന്ത്രിക്കാൻ ആകുന്ന ഓട്ടോമാറ്റിക് ഡോറുകൾ കെട്ടി വെച്ചിരിക്കുകയാണ്.
ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെ നിരവധി നിയമലംഘനങ്ങളാണ് കർണാടക ആർടിസി ബസ് ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭൂരിഭാഗം ബസ്സുകളുടെയും ടയറുകൾ തേഞ്ഞു തീർന്ന നിലയിലാണ്. ഇത്തരത്തിൽ തേങ്ങ ടയർ ഉപയോഗിച്ച് സർവീസ് നടത്തിയ ബസ്സാണ് നിയന്ത്രണം വിട്ടു തലപ്പാടിയിൽ ആറുപേരുടെ ജീവനെടുത്തത്. കേരള ആർടിസി ബസുകൾക്ക് പിഴയിടുന്ന മോട്ടോർ വാഹന വകുപ്പിന് സ്വകാര്യ വാഹനങ്ങളോടുള്ള സമീപനം പറയേണ്ടതില്ല. എന്നാൽ കേരളത്തിൽ സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകൾ പരിശോധിക്കാൻ വകുപ്പ് തയ്യാറല്ല. കർണാടകയിലെ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുമ്പോൾ ഒരു പരിശോധന നടത്താറില്ല. ജില്ലയിലൂടെ ഡോർ തുറന്നു വച്ച് അമിതവേഗതിയിൽ പായുന്ന കർണാടക ആർടിസി ബസുകൾ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.