ajith-kumar

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസെടുത്ത വിജിലന്‍സ് കോടതി നടപടിയില്‍ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയതെന്ന് വിജിലന്‍സ് നാളെ മറുപടി നല്‍കണം. വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കണം. അന്വേഷണം അനുമതിയില്ലാതെയെങ്കില്‍ വിജിലന്‍സ് കോടതിയിലെ നടപടിക്രമത്തിന് വിരുദ്ധമാണ്.  

വിജിലന്‍സ് കോടതിയുടെ നടപടിക്രമത്തില്‍ നിയമപ്രശ്‌നമുണ്ടെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിശോധിക്കുകയല്ല കോടതിയുടെ ചുമതല. വിജിലന്‍സ് കോടതി ഉത്തരവിലെ നിയമപ്രശ്‌നങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണോ എന്നതില്‍ ഹൈക്കോടതി നാളെ തീരുമാനമെടുക്കും. അതേസമയം, അന്വേഷണം ജൂനിയര്‍ ഉദ്യോഗസ്ഥന്‍ നടത്തിയതിൽ അസ്വഭാവികതയുണ്ടെന്നും കോടതി പറഞ്ഞു. 

ENGLISH SUMMARY:

Illegal asset case in Kerala is under scrutiny. The High Court has questioned the Vigilance Court's proceedings against ADGP MR Ajith Kumar, demanding clarification on whether prior permission was obtained for the investigation.