എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ രക്ഷിക്കാന്‍ അസാധാരണ നീക്കവുമായി ആഭ്യന്തരവകുപ്പ്. അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ഡി.ജി.പി നല്‍കിയ രണ്ട് റിപ്പോര്‍ട്ട് നിലവിലെ ഡി.ജി.പിക്ക് തിരിച്ചുനല്‍കി. തൃശൂര്‍ പൂരം കലക്കലിലെ വീഴ്ചയും പി.വിജയനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതില്‍ നടപടിയും ശുപാര്‍ശയും ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റവാഡാ ചന്ദ്രശേഖറില്‍ സമ്മര്‍ദം ചെലുത്തി നടപടി ശുപാര്‍ശ പിന്‍വലിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആക്ഷേപം.
എത്ര തവണ കുറ്റക്കാരനെന്ന് കണ്ടാലും, എത്രയേറെ പഴികേട്ടാലും അജിത്കുമാറിനോടുള്ള മുഖ്യമന്ത്രിയുടെ വകുപ്പിന്‍റെ സ്നേഹനത്തിന് കുറവില്ല. അതുകൊണ്ടാണ് ഡി.ജി.പി അന്വേഷിച്ച് കുറ്റക്കാരനെന്ന് വിധിച്ച റിപ്പോര്‍ട്ട് വീണ്ടും പുനപരിശോധനക്ക് അയച്ചിരിക്കുന്നത്. തൃശൂര്‍ പൂരം നടത്തിപ്പില്‍ അജിത്തിന് വീഴ്ചയെന്നും ജോലി ചെയ്യാതെ ഗസ്റ്റ് ഹൗസില്‍ പോയികിടന്ന് ഉറങ്ങിയെന്നുമായിരുന്നു മുന്‍ ഡി.ജി.പി. ദര്‍വേഷ് സാഹിബ് എട്ട് മാസമെടുത്ത് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് അംഗീകരിച്ച ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കും കൈമാറി. അവിടെന്നാണ് മുഖ്യമന്ത്രി യു ടേണ്‍ അടിച്ചത്.
ദര്‍വേഷ് സാഹിബ് മാറി റാവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയായതോടെ ഇനി റാവാഡ പരിശോധിക്കട്ടേയെന്ന അസാധാരണ തീരുമാനം മുഖ്യമന്ത്രിയെടുത്തു. ഫയല്‍ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചയച്ചു. അതുപോലെ തന്നെയാണ് എ.ഡി.ജി.പി പി.വിജയന് സ്വര്‍ണക്കടത്ത് ബന്ധമെന്ന വ്യാജ ആരോപണത്തിലും. അജിത്കുമാര്‍ ഉന്നയിച്ചത് നുണയെന്നും നടപടിയെടുക്കാമെന്നും ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടും പുതിയ പൊലീസ് മേധാവിയുടെ പരിശോധനക്കായി മടക്കിയിരിക്കുകയാണ്. നടപടി ശുപാര്‍ശ റാവാഡ ചന്ദ്രശേഖര്‍ പിന്‍വലിച്ചാല്‍ ആ പഴുതുപയോഗിച്ച് വിശ്വസ്തനെ രക്ഷിക്കാനാണ് സര്‍ക്കാരിന്‍റെ അവസാനശ്രമം.