വയനാട് തിരുനെല്ലിയില്‍ കാളിന്ദി നദി കരകവിഞ്ഞു. പനങ്കുറ്റി ഉന്നതിക്ക് സമീപത്തെ പുഴയിലും ജലനിരപ്പുയര്‍ന്നു. ബാണാസുര ഡാമിന്‍റെ 2 ഷട്ടറുകൾ നാളെ കൂടുതല്‍ ഉയര്‍ത്തും. പൊന്‍കുഴിയില്‍ റോഡില്‍ മരംവീണ് ഗതാഗത തടസ്സം നേരിട്ടു. ജില്ലയില്‍ ട്യൂഷന്‍ സെന്ററുകൾക്കും സ്പെഷല്‍ ക്ലാസുകൾക്കും മതപഠനക്ലാസുകൾക്കും നാളെ അവധിയായിരിക്കും.
സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുകയാണ് . മധ്യകേരളത്തിലെ മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നദികളില്‍ നീരൊഴുക്ക് ശക്തമായി. മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി.