എറണാകുളം കാലടി സർവകലാശാലയിൽ ഇടതു സിൻഡിക്കേറ്റിന്റെ ഉത്തരവിനെതിരെ എസ്എഫ്ഐ നടത്തിവന്ന സമരം ചർച്ചയായതോടെ ഇരുവിഭാഗവും ഒത്തുതീർപ്പിലേക്ക്. ക്യാമ്പസിലും ഹോസ്റ്റലിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സിൻഡിക്കേറ്റ് ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് എസ്എഫ്ഐ സമരം പിൻവലിച്ചു.
ലഹരി വ്യാപനം തടയാൻ എന്ന ലക്ഷ്യത്തോടെ ക്യാമ്പസിലും ഹോസ്റ്റലിലും ഇടതു സിൻഡിക്കേറ്റ് ഏർപ്പെടുത്തിയതാണ് നിയന്ത്രണങ്ങൾ. അതിനെതിരെ എസ്എഫ്ഐ തന്നെ, സമരം ശക്തമാക്കിയതോടെ വാർത്താ പ്രാധാന്യമേറി. രാപ്പകൽ സമരം തുടങ്ങിയതിനു പിന്നാലെ സമവായ ചർച്ചകളും നടന്നു. ക്യാമ്പസിലെ വിദ്യാർത്ഥി സമരം എസ്എഫ്ഐക്കും സിപിഎമ്മിനും തലവേദന ആയതോടെ ഒത്തുതീർപ്പിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ന് വീണ്ടും ചേർന്ന സമവായ ചർച്ചയിൽ, ഇളവുകളിൽ കുറച്ചു മാറ്റം വരുത്താം എന്ന് സിൻഡിക്കേറ്റും സമരത്തിൽ നിന്ന് പിന്നോട്ട് പോകാം എന്ന് എസ്എഫ്ഐയും ധാരണയിലെത്തി. സമരക്കാർ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും പരിഗണിച്ചില്ലെങ്കിലും നിയന്ത്രണങ്ങളിൽ ഉപാധികളോടെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാത്രി 11ന് ക്യാമ്പസിന്റെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്ക്കാനുള്ള തീരുമാനവും തുടരും. പൊലീസ് പട്രോളിങ്ങും ഉണ്ടാകും.
സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഫീസുകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വകലാശാലയെ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും രൂപീകരിച്ചു.