shine-shifted-to-thrissur

തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട ഷൈന്‍ ടോമിനെ തൃശൂരിലേയ്ക്ക് കൊണ്ടുപോയി. പരുക്കേറ്റ ഷൈനിന്‍റെ അമ്മയും സഹോദരനും ഒപ്പമുണ്ട്. പ്രത്യേക ആംബുലന്‍സിലാണ് മൂവരും നാട്ടിലേക്ക് തിരിട്ടത്. അപകടത്തില്‍ മരിച്ച പിതാവ് ചാക്കോയുടെ മൃതദേഹവും കൊണ്ടുപോകും. ഷൈന്‍ ടോമിന്റെ തുടര്‍ചികില്‍സയും ശസ്ത്രക്രിയയും തൃശൂരില്‍ നടത്തും.

പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഷൈനിന്‍റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്‍റിനും നേരിയ പരുക്കേറ്റിട്ടുണ്ട്.

എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഷൈനിന്‍റെ സഹോദരനും മധ്യത്തിലെ സീറ്റിലെ അച്ഛനും അമ്മയും പിന്‍സീറ്റില്‍ ഷൈനുമാണ് ഉണ്ടായിരുന്നത്. ഷൈന്‍ ഉറങ്ങുകയായിരുന്നു. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷൈനിന്‍റെ ചികില്‍സാര്‍ഥമാണ് സേലത്തേക്ക് പോയത്. തൊടുപുഴയിലെ ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ബെംഗളൂരുവിലേക്കുള്ള യാത്ര.

ENGLISH SUMMARY:

Malayalam actor Shine Tom, who was injured in a road accident in Tamil Nadu, has been shifted to Thrissur along with his mother and brother. The family travelled in a special ambulance. The body of his father, Chacko, who died in the accident, is also being brought back home.