കേരളത്തിലെ NH66ലെ തകര്‍ച്ച പഠിക്കുന്നതില്‍ ദേശീയ പാത അതോറിട്ടിക്ക് മെല്ലെപ്പോക്ക്. രൂപീകരിച്ച് രണ്ടാഴ്ചയായിട്ടും മൂന്നംഗ വിദഗ്ധ സമിതി ആദ്യ യോഗം പോലും ചേര്‍ന്നിട്ടില്ല. പിന്‍മാറിയ ഒരംഗത്തിന് പകരക്കാരനെ കണ്ടെത്തി എന്‍എച്ച്എ ഉത്തരവിറക്കാത്തതാണ് കാരണം.
കൂരിയാടിന് പിന്നാലെ കാസര്‍കോടും കോഴിക്കോടും തൃശ്ശൂരുമെല്ലാം ദേശീയ പാത 66ല്‍ വിള്ളല്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ പഠിക്കാനും മാര്‍ഗരേഖ തയ്യാറാക്കാനുമായി ദേശീയ പാത അതോറിട്ടി വിദഗ്ധ സംഘം രൂപീകരിച്ചത്. CRRI റിട്ട. ചീഫ് സയന്‍റിസ്റ്റ് ഡോ.കിഷോർ കുമാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേരള യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വി അമ്പിളി, ഐഐടി പാലക്കാട്. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുധീഷ് ടി. കെ എന്നിവരായിരുന്നു അംഗങ്ങള്‍. എന്നാല്‍ രണ്ടാഴ്ച മുമ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറക്കിയതിന് അപ്പുറത്തേക്ക് സമിതി മുന്നോട്ട് പോയിട്ടില്ല.
സമിതിയിലെ ഒരംഗം പിന്‍മാറിയതാണ് കാരണം. പകരക്കാരനെ കണ്ടെത്തി എന്‍എച്ച്എ പുതിയ ഉത്തരവ് ഇറക്കിയിട്ടില്ല. അതിനാല്‍ സമിതിയുടെ ആദ്യ യോഗം പോലും ചേര്‍ന്നിട്ടില്ല. മാത്രമല്ല ഈ സമിതിയോട് മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടിട്ട് ഒരാഴ്ചയും കഴിഞ്ഞു.
പഴിചാരല്ല, പരിഹാരമാണ് വേണ്ടതെന്ന് ഇന്നലെ ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. റോഡിലെ തകരാറ് ശാസ്ത്രീയമായി എങ്ങനെ പരിഹരിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സമഗ്ര റിപ്പോർട്ട് നൽകാനാണ് കോടതി നിര്‍ദേശം