ദേശീയപാത നിർമാണ പോരായ്മകൾ പരിശോധിക്കാനുള്ള വിദഗ്ധ സമിതി എന്‍എച്ച്എ പുനസംഘടിപ്പിച്ചു. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയിൽ നിന്നടക്കം 2 പുതിയ അംഗങ്ങളെ ഉൾപെടുത്തി. നേരത്തെ ജിയോളജിക്കൽ സർവെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സമിതിയിൽ നിന്ന് പിൻമാറിയിരുന്നു. നല്ല സമിതി വരട്ടെ എന്ന് പിഎസി ചെയർമാർ കെ.സി. വേണുഗോപാൽ പ്രതികരിച്ചു. രണ്ടാഴ്ചയായിട്ടും വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങാത്തത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂരിയാടിന് പിന്നാലെ കാസര്‍കോടും കോഴിക്കോടും തൃശൂരുമെല്ലാം ദേശീയ പാത 66ല്‍ വിള്ളല്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ പഠിക്കാനും മാര്‍ഗരേഖ തയ്യാറാക്കാനുമായി ദേശീയ പാത അതോറിറ്റി വിദഗ്ധ സമിതി രൂപീകരിച്ചത്.
മെയ് 24ന് രൂപീകരിച്ച സമിതിയില്‍ CRRI റിട്ട. ചീഫ് സയൻറിസ്റ്റ് ഡോ. കിഷോർ കുമാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേരള യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വി. അമ്പിളി, ഐഐടി പാലക്കാട് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി. കെ. സുധീഷ് എന്നിവരായിരുന്നു അംഗങ്ങള്‍. എന്നാല്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും തന്നെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടെന്നും ചൂണ്ടിക്കാട്ടി വി. അമ്പിളി പിന്‍മാറുകയായിരുന്നു.
രൂപീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടുംഎന്‍എച്ച്എ പുതിയ അംഗത്തെ ഉള്‍പെടുത്തുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. മെല്ലപ്പോക്ക് വാര്‍ത്തയായതോടെ രണ്ട് പേരെ ഇള്‍പെടുത്തി സമിതി പുനസംഘടിപ്പിച്ചിരിക്കുകയാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തമിഴ്നാട് യൂണിറ്റ് ഡയറക്ടർ കെ അരവിന്ദ്, CRRI ജിയോ ടെക്നിക്കൽ എൻജിനിയറിങ് ചീഫ് സയന്‍റിസ്റ്റ് പി.എസ്. പ്രസാദ് എന്നിവരെയാണ് പുതുതായി ഉൾപെടുത്തിയത്. കൂരിയാട് ദേശീയ പാത ഇടിയല്‍ പരിശോധിക്കാന്‍ നിയോഗിച്ച ഡോ. ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരടങ്ങിയ സമിതിയോട് കൂടി കൂടിയാലോചിച്ചാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നല്ല സമിതിയാകട്ടെ എന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ പ്രതികരിച്ചു. വിദഗ്ധ സമിതിയോട് മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പിഎസി ആവശ്യപ്പെട്ടിരുന്നു. ഇതിൽ രണ്ടാഴ്ചയാണ് ഇനി ശേഷിക്കുന്നത്. കൂടുതൽ സമയം നൽകണമോ എന്ന കാര്യം പിഎസി യോഗം ചേർന്ന് തീരുമാനിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു.