ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സമരപരിപാടിയുമായി സിപിഐ . ഭാരത മാതാവിന്‍റെ പ്രതീകം ഭാരതത്തിന്‍റെ ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നാളെ ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നട്ടാവും സിപിഐ പ്രതിഷേധം. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എംപി പി.സന്തോഷ് കുമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഓരോ പാർട്ടിക്കും വ്യത്യസ്തമായ തീരുമാനങ്ങള്‍ എടുക്കാമെന്നും കൂടുതൽ കടുത്ത നിലപാട് ആര് എടുത്തു എന്നതിൽ സിപിഎമ്മും സിപിഐയും തമ്മിൽ മത്സരമില്ലെന്നും സിപിഎ ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു.
ഭാരാതാംബ വിവാദത്തില്‍ ഉള്‍പ്പടെ സിപിഎം ഗവര്‍ണറോട് മയപ്പെട്ട് പ്രതികരിക്കുമ്പോള്‍ കടുത്ത പ്രതികരണമാണ് സിപിഐയുടെ ഭാഗത്ത് നിന്ന് വരുന്നത് . രാജ്ഭവനിലെ ഭാരതാംബ വിവാദം ഒറ്റപ്പെട്ട സംഭവം അല്ലെന്നും കേരളത്തിലും തമിഴ്നാട്ടിലും ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുവെന്നും സന്തോഷ് കുമാര്‍ കത്തില്‍ പറയുന്നു. കേരളത്തിലെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും ആവശ്യം.
ഭാരതമാതാ സങ്കല്പത്തെ ഭരണഘടനയ്ക്ക് നിരക്കാത്ത വിധം ദേശവിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നട്ടുള്ള ക്യാമ്പയിന്‍ എന്നും ബിനോയ് വിശ്വം പറഞ്ഞു
കൃഷിമന്ത്രി പി.പ്രസാദിന്‍റെ ചേര്‍ത്തലയിലെ ഓഫിസിന് മുന്നില്‍ ബിജെപി ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രതിഷേധിച്ചു.