പേവിഷബാധയേറ്റ് മരണപ്പെട്ട ഏഴുവയസ്സുകാരിയുടെ മൃതദേഹം ഖബറടക്കി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു നിയ ഫൈസലിന്‍റെ ഖബറടക്കം നടന്നത്. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. അതുകൊണ്ടു തന്നെ മൃതദേഹം പൊതുദർശനത്തിന് വച്ചില്ല. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിന്നും നേരെ പള്ളിയിലേക്കാണ് നിയയുടെ മൃതദേഹം എത്തിച്ചത്. നാടിന് തീരാവേദനയാകുകയാണ് കുരുന്നിന്‍റെ ദാരുണ മരണം.
പത്തനാപുരം വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസലാണ് തെരുവുനായയുടെ ആക്രമണത്തിനു പിന്നാലെ പേവിഷ ബാധയേറ്റ് മരിച്ചത്. ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ നാല് ദിവസം മുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ALSO READ; തെരുവുനായ കടിച്ചു; പേവിഷബാധ; വാക്സീനെടുത്തിട്ടും ഏഴ് വയസുകാരി മരിച്ചു
ഏപ്രിൽ എട്ടിനാണ് കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയായത്. താറാവിനെ ഓടിച്ചെത്തിയ നായയാണ് നിയയെ കടിച്ചുകീറിയത്. വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു സംഭവം. അമ്മയുടെ കണ്‍മുന്നിലായിരുന്നു ഇത്. ഉടന്‍ തന്നെ നിയയെ ആശുപത്രിയില്‍ എത്തിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കേളേജിലുമാണ് സിയയെ എത്തിച്ചത്. ആദ്യം ഐ.ഡി.ആർ.വി ഡോസ് എടുത്തു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകി. പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി നൽകി. മെയ് ആറിന് ഒരു ഡോസ് കൂടി നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ നിയയ്ക്ക് പനി ബാധിച്ചു.
പനി കൂടിയപ്പോള്‍ ആശുപത്രിയിലെത്തിച്ച് നോക്കിയപ്പോഴാണ് പേവിഷ ബാധയേറ്റ കാര്യം മനസിലായത്. മൂന്ന് ഡോസ് വാക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാര്‍. അതുകൊണ്ടു തന്നെ നിയയെ ആക്രമിച്ച നായയെക്കുറിച്ച് അന്വേഷിച്ചതുമില്ല. മുഖത്തും തലയിലും കൈകാലുകളിലുമായി 20 മുറിവുകളാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഈ മുറിവുകള്‍ ഉണങ്ങി വരുന്നതിനിടെയാണ് പനി ബാധിച്ചതും പേവിഷബാധ സ്ഥിരീകരിച്ചതും.
മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തിയ തെരുവുനായകളാണ് കുഞ്ഞിനെ കടിച്ചുകീറിയതെന്ന് കണ്ണീരോടെ പറഞ്ഞ് വിലപിക്കുന്ന നിയയുടെ മാതാപിതാക്കളുടെ മുഖം നാടിന് തീരാവേദനയാണ് സമ്മാനിക്കുന്നത്. ‘ഇനിയും വളര്‍ത്ത്, കുറേ പട്ടികളെ കൂടി വളര്‍ത്തി വിട്. കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയാ, ഇവിടെ തന്നെ പട്ടികള്‍ വളര്‍ന്നുകേറി പോകുന്നത് കണ്ടില്ലേ’ എന്നാണ് ആശുപത്രിയില്‍ വച്ച് നിയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ALSO READ; ‘ഞാനോടി ചെല്ലുമ്പോ എന്‍റെ കുഞ്ഞിനെ കടിച്ചുപറിക്കുവാരുന്നു’
‘അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ. അത് തിന്നാന്‍ വന്ന പട്ടികളാ എന്‍റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടിയാ എന്‍റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോ എന്‍റെ കുഞ്ഞിനെ കടിച്ചുപറിക്കുവാരുന്നു. അപ്പഴേ എടുത്തോണ്ട് പോയി ഞാന്‍. ഇപ്പോ ദാ കൊണ്ടുപോയി എനിക്കിനി കാണാനില്ല. എന്‍റെ കുഞ്ഞിന് ഇല്ലാത്ത സ്ഥാനമാണ് പട്ടിക്കുണ്ടായത്’ എന്നുപറഞ്ഞ് നിലവിളിക്കുകയാണ് നിയയുടെ അമ്മ. ഈ അവസ്ഥ മറ്റൊരാള്‍ക്കും വരരുത്, പറയാന്‍ വാക്കുകളില്ലെന്ന് നിയയുടെ അച്ഛനും പ്രതികരിച്ചു.