റാപ്പര്‍ വേടനെതിരെ വനം വകുപ്പ് സ്വീകരിച്ച നടപടികളില്‍ തെറ്റില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചുവെന്നും വനം മേധാവിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയതിലും ഗുരുതരമായ വീഴ്ച ഉദ്യോഗസ്ഥരുടെ ബാഗത്തു നിന്നുണ്ടായി എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് വനം മേധാവി റിപ്പോര്‍ട്ട് കൈമാറി.
പുലിപ്പല്ല് കൈവശം വെച്ചു എന്ന പരാതിയില്‍ റാപ്പര്‍വേടനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമ പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചെതെന്ന് വനം മേധാവിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഷെഡ്യൂള്‍ ഒന്നു പ്രകാരം അതീവ സംരക്ഷിത വന്യജീവിയാണ് പുലി. അതിന്‍റെ ശരീര ഭാഗങ്ങള്‍ കൈവശം വെച്ചു എന്ന് പ്രാഥമികമായി തെളിഞ്ഞാല്‍ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചതെന്ന് വനം മേധാവിയുടെ റിപ്പോര്‍ട്ട് പറയുന്നു.
വനം ഫ്ളൈയിംങ് സ്ക്വാഡ്, കണ്‍ട്രോള്‍റൂം എന്നിവിടങ്ങളിലും പൊലീസിനും പുലിപ്പല്ല് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ പുലിപ്പല്ല് കണ്ടെത്തുകയും ചെയ്തു. ഇനി പുലിപ്പല്ലാണോ എന്ന് ശാസ്ത്രീയ പരിശോധനക്ക് വിടേണ്ടത് കോടതിയാണ്. ഇക്കാര്യങ്ങളും വനം മേധാവി വിശദീകരിച്ചിട്ടുണ്ട്.
പക്ഷെ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും പുലിപ്പല്ല് കൈമാറിയ വ്യക്തിയെ കുറിച്ച് മാധ്യമങ്ങളോട് വനം ഉദ്യോഗസ്തര്‍ വിശദീകരിച്ചതും ശരിയായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. തീര്‍ത്തും അനുചിതമാണ് ഈ നടപടികളെന്ന വിമര്‍ശനമാണ് വനംമേധാവി രാജേഷ് രവീന്ദ്രന്‍റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചകേസില്‍ ഒരു നിലപാടും റാപ്പര്‍ വേടനോട് മറ്റൊരു നിലപാടും വനം വകുപ്പും സര്‍ക്കാരും സ്വീകരിച്ചത് എന്താണ് എന്ന ചോദ്യത്തിന് മാത്രം ഇനിയും ഉത്തരമായിട്ടില്ല.