പാലക്കാട് കരിമ്പ മൂന്നേക്കർ തുടിക്കോടിൽ കുളത്തിൽ വീണ് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ മരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി - മാധവി ദമ്പതികളുടെ മകൾ രാധിക (10 ), പ്രകാശൻ - അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (7), പ്രജീഷ് (4) എന്നിവരാണ് മരിച്ചത്. പ്രകാശന്റെ സഹോദരിയാണ് രാധിക.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് . പ്രകാശന്റെ സഹോദരീ ഭർത്താവ് ക്യഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്.
ഉടൻ തന്നെ ഇവരിൽ രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാതല അശുപത്രിയിലും എത്തിക്കുകയായിരുന്നു. മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല.