നടൻ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്ന നടി വിൻ സി. അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ് . എന്നാല്‍ സഹകരിക്കാൻ താൽപര്യമില്ലെന്ന് കുടുംബം അറിയിച്ചു. മറ്റ് നിയമനടപടികളിലേക്ക് താൽപര്യമില്ലെന്നു താരത്തിന്റെ അച്ഛന് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
Read Also: ഡാൻസാഫ് സംഘം വാതിലില്‍ മുട്ടി; ‘ഇവിടെ സർവീസ് വേണ്ടെന്ന്’ ഷൈന്‍; റൂമില്‍ രണ്ടു യുവതികള്‍
അതേസമയം, ഡാൻസാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന നടൻ ഷൈൻ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലെന്ന് സൂചന. എന്നാല്‍ തിടുക്കപ്പെട്ട് ചോദ്യം ചെയ്യേണ്ടതിലെന്ന നിലപാടിലാണ് പൊലീസ് . കേരളത്തിൽ മടങ്ങിയെത്തിയ ശേഷം ചോദ്യം ചെയ്യും .
ഹോട്ടലിൽ നിന്ന് ചാടിയ ഷൈൻ ടോം ചാക്കോ ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ടു. ഹോട്ടൽ വേദാന്തയിൽ നിന്ന് അജ്ഞാതന്റെ ബൈക്കിൽ കൊച്ചിയിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷൈന്‍ ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷമാണ് പൊള്ളാച്ചിയിലേക്ക് പോയത്.
ഡാൻസാഫ് എത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയായിരുന്നു. ഇയാൾ ഷൈൻ തങ്ങിയ വേദാന്ത ഹോട്ടലിൽ എത്തിയെന്നാണ് നിഗമനം . ഇയാൾ ഷൈനിന്റെ മുറിയിലെന്ന നിഗമനത്തിലായിരുന്നു പരിശോധന . എന്നാല്‍ ഇയാളെ ഹോട്ടലിൽ കണ്ടെത്താനായില്ല . ഡാൻസാഫ് സംഘം മുറിയിൽ തട്ടിയതോടെ ‘ഇവിടെ സർവീസ് വേണ്ടെന്ന്’ ഷൈന്റെ മറുപടി . മുറിയുടെ വാതിൽ തുറന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു. ഷൈനിനൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. ഒരാളുമായി ഷൈൻ സാമ്പത്തികയിടപാട് നടത്തിയതായും കണ്ടെത്തി. ലഹരിയിടപാടുമായി യുവതികൾക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ താന്‍ എവിടെയെന്ന് ചോദിക്കുന്നവരെയും മാധ്യമങ്ങളെയും ഒളിഞ്ഞിരുന്ന് പരിഹസിച്ച് നടൻ ഷൈൻ ടോം ചാക്കോ രംഗത്തെത്തി. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയും നടി വിന് സിയെ ടാഗ് ചെയ്ത് ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചു. അല്ലാതെപിന്നെ ഞാന്‍ എന്ത് പറയാനെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഷൈനിനെ അന്വേഷിച്ച് പൊലീസ് നെട്ടോട്ടമോടുമ്പോഴാണ് ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്.
വിന് സിയുമായി ഒന്നിച്ചഭിനയിച്ച സൂത്രവാക്യത്തിന്റെ പോസ്റ്ററില്‍ നടിയെ ടാഗ് ചെയ്തും പോസ്റ്റ് എത്തി. രാത്രി 11 മണിവരെയും ഷൈന്‍ ഇന്‍സ്റ്റയില്‍ ആക്റ്റീവായിരുന്നു. ഇനി ഷൈനിന്റെ ഇന്‍സ്റ്റ മറ്റാരെങ്കിലുമാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, ഷൈന്‍ അറിയാതെ ഇതൊന്നും ഇടില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.