shine-stairs-drugs

കൊച്ചിയിലെ ഹോട്ടലിലേക്ക് ഡാന്‍സാഫ് സംഘമെത്തിയ വിവരം നടന്‍ ഷൈന്‍ ടോം ചാക്കോ അറിഞ്ഞുവെന്ന് സൂചന. സ്വകാര്യ ഹോട്ടലിന്‍റെ മൂന്നാംനിലയിലെ 314–ാം മുറിയിലുണ്ടായിരുന്ന ഷൈന്‍ മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്കാണ് എടുത്ത് ചാടിയത്. ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടി. തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് താരം ചാടുകയും അവിടെ നിന്ന് സ്റ്റെയര്‍കെയ്സ് വഴി ഇറങ്ങി ഓടുകയുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 

പുലര്‍ച്ചെയാണ് കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘമെത്തിയത്. ഷൈനൊപ്പം മുറിയിലുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപെട്ടതായാണ് വിവരം. മുറി പരിശോധിച്ച പൊലീസിന് ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെടുക്കാനായില്ല. 

സിനിമ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച ശേഷം നടന്‍ തന്നോട് മോശമായി പെരുമാറിയതായി നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകനടക്കം നടനോട് പിന്നീട് സംസാരിച്ചുവെന്നും സിനിമ മുടങ്ങാതിരിക്കാന്‍ താന്‍ സഹകരിക്കുകയായിരുന്നുവെന്നും വിന്‍ സി വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. മോശം അനുഭവത്തെ തുടര്‍ന്ന് ഫിലിം ചേംബറിനും ആഭ്യന്തര പരിഹാര കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം, നടനെതിരെ അടിയന്തരമായി സംഘടനാ നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. നിലവിലെ പ്രൊജക്ടുകള്‍ നടക്കുമെന്നും പുതിയ പ്രൊജക്ടുകളില്‍ സഹകരിപ്പിക്കണോ എന്ന് കമ്മിറ്റി തീരുമാനിക്കുമെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. 

മനോരമന്യൂസിന്‍റെ അഭിമുഖത്തിലും ലഹരിയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങിപ്പോയിരുന്നു. ' ഐ ഡോന്‍ഡ് വാണ്ട് ടു ടോക്ക് ടു യൂ' എന്ന് പറഞ്ഞായിരുന്നു ഷര്‍ട്ടില്‍ കുത്തിയിരുന്ന ലേപ്പല്‍ മൈക്കുമായി കഴിഞ്ഞ വെള്ളിയാഴ്ച ഷൈന്‍ ഇറങ്ങിപ്പോയത്. 

ENGLISH SUMMARY:

Actor Shine Tom Chacko reportedly jumped from a hotel room window to the second floor, breaking a sheet, and escaped through the pool area during a police inspection in Kochi. No drugs were found in the room, police confirm.