ഇടുക്കി തൊടുപുഴയിൽ മദ്യലഹരിയിൽ ഉടമ വെട്ടിപ്പരുക്കേൽപ്പിച്ച വളർത്ത് നായ ചത്തു.ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലിരിക്കെയാണ് ചത്തത്. നായയുടെ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു
തിങ്കളാഴ്ചയാണ് ഗുരുതര പരുക്കേറ്റ നിലയിൽ മുതലക്കോടത്ത് നായയെ കണ്ടെത്തിയത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് അനിമൽ റെസ്ക്യു ടീം സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ചു. തലക്കും കാലിനും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
അനിമൽ റെസ്ക്യു ടീമിന്റെ പരാതിയിലാണ് നായയുടെ ഉടമ ഷൈജു തോമസിനെതിരെ കേസെടുത്തത്. നായ കടിച്ചതിനെ തുടർന്ന് ആക്രമിച്ചതാണെന്നാണ് ഇയാളുടെ വാദം. നായയുടെ പോസ്റ്റുമോർട്ടത്തിന് ശേഷം ഇയാൾക്കെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തും.