ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ കഞ്ഞിവെച്ചും കുടിൽ കെട്ടിയും പ്രതിഷേധിച്ചു ദുരന്തബാധിതർ. പുനരധിവാസത്തിൽ സർക്കാർ വീഴ്ചയാരോപിച്ചാണ് നൂറുകണക്കിനു ദുരന്ത ബാധിതർ പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി.
ദുരന്തത്തിന്റെ ഏഴാം മാസം ദുരന്തഭൂമിയിൽ വീണ്ടും ആൾകൂട്ടമുണ്ടായി. അന്ന് രക്ഷപ്പെട്ട മനുഷ്യർ ഇന്ന് നിസഹായാവസ്ഥയിൽ പ്രതിഷേധിക്കാനെത്തി. മാസങ്ങളിത്രയായിട്ടും തങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാവാത്തതോടെയാണ് വേദനയോടുള്ള പ്രതിഷേധം മുണ്ടകൈ ഭാഗത്ത് കുടിൽകെട്ടി പ്രതിഷേധിക്കാനായിരുന്നു പദ്ധതി. എന്നാൽ ബെയ്ലി പാലത്തിനു സമീപം പൊലീസ് തടഞ്ഞു. നേരിയ സംഘർഷമുണ്ടായി. തങ്ങളുടെ ഭൂമിയിലിരുന്ന് തന്നെ പ്രതിഷേധിക്കണമെന്നായിരുന്നു ദുരന്ത ബാധിതരുടെ ആവശ്യം. എന്നാൽ പൊലീസ് അനുമതി നൽകിയില്ല. തുടർന്ന് ബെയ്ലി പാലത്തിനു സമീപം കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച 81 പേരെ ഉൾപ്പെടുത്തിയുള്ള രണ്ടാം ഘട്ട ഗുണഭോക്തൃ പട്ടികയിലും നിരവധി ദുരന്ത ബാധിതർ ഉൾപ്പെട്ടിരുന്നില്ല. അതോടെയാണ് പ്രതിഷേധത്തിന് ആക്കം കൂടിയത്. തുടർ ചികിൽസ സഹായം ലഭിക്കാത്തതും വീടു നിർമാണം വൈകുന്നതും ആശങ്കയാണ്. മണിക്കൂറുകൾ നീണ്ട രോഷത്തിനൊടുവിൽ പ്രതിഷേധം അവസാനിപ്പിച്ചു. പരിഹാരമില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ചൂരൽമല ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കലക്ടറേറ്റിന് മുന്നിൽ ഉപവാസം ഇരിക്കുന്നുണ്ട്