സാമ്പത്തികവർഷം അവസാനിക്കാൻ ഒന്നരമാസം ബാക്കിനിൽക്കെ മുണ്ടക്കൈ– ചൂരൽമല പുനരധിവാസത്തിന് കേന്ദ്രസർക്കാർ വായ്പയായി അനുവദിച്ച 529 കോടി ചിലവഴിക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ സംസ്ഥാനസർക്കാർ സെക്രട്ടറിമാരുടെ യോഗം വിളിക്കും. ഇന്നോ തിങ്കളാഴ്ചയോ യോഗം വിളിക്കാനാണ് ആലോചന.
സംസ്ഥാനം സമർപ്പിച്ച 16 പദ്ധതികൾക്ക് ചിലവഴിക്കാനായാണ് പലിശരഹിത വായ്പയായി കേന്ദ്രസർക്കാർ പണം അനുവദിച്ചത്. എന്നാൽ തുക ചിലവഴിച്ച് മാർച്ച്31 നകം യൂറ്റിലിട്ടി സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാരിന് കൈമാറണമെന്ന നിർദേശം ധനവകുപ്പിനെ വെട്ടിലാക്കി. ഇതോടെയാണ് അടിയന്തരമായി യോഗം ചേരുന്നത്.ധന-റവന്യൂ-പൊതുമരാമത്ത്-തദേശവകുപ്പ് സെക്രട്ടറിമാരും കെ എസ്ഇബി,ജലഅതോറിറ്റി മേധാവികളും ചർച്ചയിൽ പങ്കെടുക്കും. കേന്ദ്രം വായ്പയായി അനുവദിച്ച തുകയ്ക്കുള്ള ഭരണാനുമതി വിവിധ വകുപ്പുകൾ വൈകാതെ നൽകും. സാമ്പത്തികവർഷം അവസാനിക്കും മുൻപ് പണം ഉചിതമായി അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാനാവുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.