വയനാട് തലപ്പുഴ കമ്പിപ്പാലത്ത് ഇറങ്ങിയ കടുവയെ കണ്ടെത്താന്‍ ഡ്രോൺ പരിശോധന തുടങ്ങി വനംവകുപ്പ്. കടുവയെ നിരീക്ഷിക്കാൻ 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചു. രാത്രികാലങ്ങളിൽ ഒറ്റക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നോർത്ത് വയനാട് ഡി. എഫ്. ഒ മാര്‍ട്ടിന്‍ ലോവന്‍ നിർദേശം നൽകി.
കഴിഞ്ഞ ആഴ്ച മുതലാണ് തലപ്പുഴ കമ്പിപാലത്തും കാട്ടേരിക്കുന്നിലും കടുവയെത്തിയത്. രണ്ടു തവണ പ്രദേശവാസികൾക്ക് മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടു. വീടുകളോട് ചേർന്ന വാഴതോട്ടത്തിലും കാപ്പിതോട്ടത്തിലും കണ്ട കാൽപാടുകൾ പരിശോധിച്ചതിലൂടെയാണ് കടുവയെന്ന് സ്ഥിരീകരിച്ചത്. രാവിലെ പ്രദേശത്തെത്തിയ വനം വകുപ്പ് സംഘം ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കി. ആയിരകണക്കിന് വീടുകളും സ്കൂളുമൊക്കെയുള്ള മേഖലയണെന്നും വനം വകുപ്പ് നടപടി വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
വനത്തോട് ചേർന്ന പ്രദേശമായതിനാൽ കടുവ കാടു കയറിപോയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. സ്ഥിതിഗതി പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുവെക്കുന്നതടക്കമുള്ള നടപടികളിലേക്ക് വനം വകുപ്പ് നീങ്ങും. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് നിർദേശം.