നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യ കുഴിയിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കേരളത്തിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ റിധാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ കാണാതായ കുട്ടിയെ മാലിന്യ കുഴിയിൽ നിന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നെടുമ്പാശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രാജസ്ഥാനിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ് കുട്ടിയുടെ കുടുംബവും. ഡൊമസ്റ്റിക് ടെർമിലിനടുത്തുള്ള കഫേയിൽ മുതിർന്നവർ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കുട്ടികൾ സമീപത്തുള്ള പുൽത്തകിടിയിൽ കളിച്ചു. ഇതിനിടയിൽ മൂന്നുവയസ്സുകാരനെ കാണാതായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് കുട്ടി കാനയുടെ സമീപം പോയതായി അറിയുന്നത്. അന്വേഷണത്തിൽ, നാലടി താഴ്ചയുള്ള മാലിന്യ കുഴിയിൽ കുട്ടിയെ കണ്ടെത്തി. മലിനജലം കുടിച്ച് അവശനായ നിലയിലായിരുന്നു കുഞ്ഞ്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.
അപകടത്തിനു പിന്നാലെ മാലിന്യ കുഴി സിയാൽ അധികൃതർ അടച്ചുമൂടി. കുട്ടി കളിച്ചുകൊണ്ടിരുന്ന പൂന്തോട്ടം നടപ്പുവഴി അല്ലെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നും സിയാൽ വാർത്താക്കുറിപ്പ് ഇറക്കി.
നേരത്തെ പൊതുവഴിയല്ലെന്ന്, സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ നിർദ്ദേശങ്ങളോ പ്രദേശത്ത് സ്ഥാപിച്ചിരുന്നില്ല. മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടുവെന്നും സിയാലിനെതിരെ ആക്ഷേപമുണ്ട്.