സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം ഇത്തവണ വൈദ്യുതി ബില്ലു കൂടി അടക്കേണ്ടി വരുന്നതിനാല്‍ കടുത്ത ബുദ്ധിമുട്ടിലാണ് വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍. 800 ലധികം വാടകവീടുകളില്‍ മിക്ക വീടുകള്‍ക്കും വലിയ ബില്‍ നല്‍കേണ്ട സ്ഥിതിയാണ്. അതിനിടെ ദിവസം മൂന്നുറ് രൂപ വെച്ചുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം മൂന്നു മാസത്തോടെ അവസാനിച്ചതോടെ സാമ്പത്തിക ഞെരുക്കം ഇരട്ടിയാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ആറുമാസം പിന്നിട്ടു. കടുത്ത സാമ്പത്തികബാധ്യതയനുഭവിച്ച് വാടക വീടുകളിലാണ് ദുരന്തബാധിതരുടെ വാസം. ദിവസം 300 രൂപ വെച്ചുള്ള സര്‍ക്കാര്‍ സഹായമായിരുന്നു ഏക ആശ്രയം. മനോരമ ന്യൂസ് ലൈവത്തണിനു പിന്നാലെ സഹായ വിതരണം മൂന്നു മാസത്തേക്ക് നീട്ടിയെങ്കിലും പുനരധിവാസ പ്രവര്‍ത്തി നീളുന്നതിനാല്‍ തുടര്‍ന്നങ്ങോട്ട് എന്ത് എന്നാണ് ദുരന്ത ബാധിതരുടെ ചോദ്യം.
പുനരധിവാസം പൂര്‍ത്തിയാകും വരെ സഹായ വിതരണം തുടരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഉത്തരവോ മറ്റുതീരുമാനങ്ങളോ ഇറങ്ങിയിട്ടില്ല. ഒന്നല്ലെങ്കില്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകും വരെ വിതരണം ചെയ്യുക, അതല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് ജോലി നല്‍കുക, ദുരന്തബാധിതരുടെ ന്യായമായ ആവശ്യം ഇങ്ങനെയാണ്.
അതിനിടെയാണ് വൈദ്യതി ബില്ലെന്ന കെണി കൂടി ദുരന്തബാധിതരുടെ തലയില്‍ പതിക്കുന്നത്. ദുരന്തമുണ്ടായി ആറു മാസം ബില്ലടക്കേണ്ടതില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം. നിലവില്‍ പുനരധിവാസം എവിടേയും എത്താത്ത സാഹചര്യത്തില്‍ ബില്ല് എങ്ങനെ അടക്കുമെന്നാണ് ചോദ്യം. 778 വാടക വീടുകളിലും 69 ക്വാര്‍ട്ടേഴ്സിലുമായാണ് ദുരന്തബാധിതരുടെ വാസം. പലവീടുകള്‍ക്കും വന്‍തുക ബില്ല് അടക്കേണ്ടതുണ്ട്.
അതിനിടെ ചിലദുരന്ത ബാധിതരുടെ വാടക വീടുകളിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. പുനരധിവാസം പൂര്‍ത്തിയാകും വരെ വൈദ്യുതി നിരക്ക് ഈടാക്കരുതെന്നറിയിച്ച് മന്ത്രി കൃഷ്‌ണന്‍കുട്ടിക്കടക്കം നിവേദനം നല്‍കാനൊരുങ്ങുകയാണ് ദുരന്തബാധിതര്‍.