തിരുവനന്തപുരം തകരപ്പറമ്പിലുള്ള ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഭീഷണി സന്ദേശം വന്നത്. മനുഷ്യ ബോംബ് വന്ന് ഹോട്ടല്‍ തകര്‍ക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഈ സമയത്ത് ഹോട്ടലില്‍ ഒരു വിവാഹ നിശ്ചയ ചടങ്ങ് നടക്കുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.
ഡി.സി.പി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്‍റെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്വകാഡും ഹോട്ടലിലെത്തി പരിശോധന നടത്തി. മുന്‍കരുതലിന്‍റെ ഭാഗമായ അഗ്നിരക്ഷാ സേനയും സ്ഥലത്ത് സജ്ജമായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അതിന്‍റെ ഉറവിടം കണ്ടെത്തുകയെന്നതാണ് ഇനി പൊലീസിന്‍റെ ദൗത്യം. കേസെടുത്ത് അന്വേഷം ആരംഭിച്ചതായി ഡി.സി.പി അറിയിച്ചു.