ശതകോടികളുടെ ലോണ്‍ ആപ്പ് തട്ടിപ്പില്‍ ഇഡിയുടെ പിടിയിലായ തമിഴ്നാട്ടിലെ ഇടനിലക്കാര്‍ക്ക് കമ്മിഷനായി ലഭിച്ചത് പതിനേഴ് കോടി രൂപ. ഇവരുടെ ആറ് കടലാസ് കമ്പനികളുടെ 23 അക്കൗണ്ടിലേക്ക് 230 കോടി രൂപയാണ് എത്തിയത്. തട്ടിപ്പ് പണം സമാഹരിക്കാന്‍ അക്കൗണ്ടുകള്‍ വിലയ്ക്ക് വാങ്ങിയ വനിതയ്ക്കായും ഇഡി അന്വേഷണം.
തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആൻ്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരെയാണ് ഇഡി കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തത്. തട്ടിപ്പ് പണം സിംഗപ്പൂരിലേക്ക് കടത്താന്‍ ഇടനിലക്കാരായി നിന്നത് ഇവരാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എക്സോഡസ് സൊലൂഷന്‍സ്, ഫ്യൂച്ചര്‍ വിഷന്‍ മീഡിയ, അപ്രികിവി സൊലൂഷന്‍സ്, സോസോ ടെക്നോളജീസ് എന്നിങ്ങനെ ആറ് ഐടി കമ്പനികളുടെ ഉടമകളാണിവര്‍. ഒരു ഓഫിസോ ജീവനക്കാരോ ഇല്ലാത്ത ഈ കമ്പനികള്‍ കടലാസില്‍ മാത്രമായിരുന്നു. എന്നാല്‍ ഈ കമ്പനികളുടെ പേരിലുള്ള 23 അക്കൗണ്ടുകളിലൂടെ നടന്നത് കോടികളുടെ ഇടപാട്. ഇരകളില്‍ നിന്ന് തട്ടിയെടുത്ത പണം ആദ്യം മലയാളികളുടെ പേരിലുള്ള ഡമ്മി അക്കൗണ്ടുകളിലെത്തി.
ഇത് പിന്നീട് തമിഴ്നാട് സ്വദേശികളുടെ കടലാസ് ഐടി കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. ഇത് പിന്നീട് സിംഗപ്പൂരിലെ കടലാസ് കമ്പനികളുടെ അക്കൗണ്ടിലേക്ക് ഒഴുകി. സോഫ്റ്റ് വെയര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ പേരില്‍ വ്യാജ ഇന്‍വോയ്സുകള്‍ തയാറാക്കിയായിരുന്നു ഈ പണം കൈമാറ്റം. കടലാസ് കമ്പനികള്‍ നിര്‍മിച്ചത് സിംഗപ്പൂര്‍ പൗരന്‍ മുസ്തഫ കമാലിന്‍റെ നിര്‍ദേശപ്രകാരമെന്നാണ് പിടിയിലായവരുടെ മൊഴി.
മലയാളികളില്‍ നിന്ന് ഡമ്മി അക്കൗണ്ടുകള്‍ വാങ്ങിയ സംഘത്തെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലീമ എന്ന സ്ത്രീക്കാണ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയതെന്ന് മലയാളികളായ സയിദ് മുഹമ്മദ്, നിതിന്‍ വര്‍ഗീസ് എന്നിവരുടെ മൊഴി. ഇവരെ നേരില്‍കണ്ടിട്ടില്ലെന്നും ഓണ്‍ലൈനായാണ് വിവരങ്ങള്‍ കൈമാറിയതെന്നു ഇരുവരും വ്യക്തമാക്കി. നാന്നൂറിലേറെ അക്കൗണ്ടുകള്‍ ഇതുമായി ബന്ധപ്പെട്ട എടിഎം കാര്‍ഡ്, പിന്‍ വിവരങ്ങളാണ് ഓണ്‍ലൈനായി കൈമാറിയത്.