ബജറ്റിലെ അവഗണനയ്ക്കെതിരെ കേന്ദ്രത്തിന് കത്തെഴുതാന്‍ കേരളം. അവഗണന കേന്ദ്രത്തിനും ബിജെപിക്കുമെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മിന്‍റെയും ഇടുതമുന്നണിയുടെയും തീരുമാനം. ഒരുതരത്തിലും കേരളത്തെ മന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നതാണ് കേന്ദ്രത്തിന്‍റെ നിലപാടെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു.
24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വയനാട് പുനരധിവാസത്തിന് രണ്ടായിരം കോടി, വിഴിഞ്ഞം അനുബന്ധ വികസനങ്ങള്‍ക്ക് 5000 കോടി... അങ്ങനെ കേരളത്തിന്‍റെ ആവശ്യങ്ങള്‍ അനവദിയായിരുന്നു. ഒടുവില്‍ കിട്ടിയത് വട്ടപ്പൂജ്യം. ഈ അവഗണന ബോധപൂര്‍വ്വമുള്ളതാണെന്ന് സര്‍ക്കാരും ഇടതുമുന്നണിയും വിലയിരുത്തുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും തീരുമാനം. സര്‍ക്കാരിന്‍റെ പ്രതിഷേധം കേന്ദ്രത്തിന് നേരിട്ട് കത്തെഴുതി അറിയിക്കും.
കേരളത്തിന്‍റെ ആവശ്യങ്ങള്‍ അവഗണിച്ചതിലുള്ള നിരാശയും ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതിന്‍റെ ആവശ്യകതയും വ്യക്താക്കുന്നതായിരിക്കും കത്ത്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെുപ്പും അടുത്തിരിക്കെ കേന്ദ്ര അവഗണന രാഷ്ട്രീയ വിമര്‍ശനമായി കത്തിച്ചുനിര്‍ത്താനും ഇടതുമുന്നണി ശ്രമിക്കും. ഇതിനായി വീണുകിട്ടിയ ആയുധമായി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍റെ പ്രസ്താവന. കുര്യനെ നിശിതമായി വിമര്‍ശിച്ച് സിപി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ രംഗത്തുന്നുവന്നു.
പാര്‍ലമെന്‍റില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ കേരളത്തിനായി സംസ്ഥാനത്തെ എം.പിമാര്‍ ഒരുമിച്ച് ശബ്ദമയര്‍ത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. വയനാടിനായി യു.ഡി.എഫ്– എല്‍.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. സമാനമ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും വയനാടിനായുള്ള കേന്ദ്ര സഹായത്തില്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ഇതിനായി ശ്രമം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.