പാലാ നഗരസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്. സ്വതന്ത്ര അംഗം ജിമ്മി ജോസഫ് ആണ് യുഡിഎഫിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ രാജിവെക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത നിലനിൽക്കെയാണ് യുഡിഎഫിന്റെ നീക്കം
ഒരു ഇടവേളക്കുശേഷം പാലാ നഗരസഭ വീണ്ടും രാഷ്ട്രീയ ചർച്ചകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.. അവിശ്വാസപ്രമേയം പാസാവുമോ എന്ന ഉറപ്പില്ലെങ്കിലും യുഡിഎഫ് അംഗങ്ങളും സ്വതന്ത്രൻ ജിമ്മി ജോസഫും ഉൾപ്പെടെ ഒൻപത് പേർ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.. കേരള കോൺഗ്രസ് എമ്മിന്റെ ഇടപെടലിൽ ചെയർമാൻ സ്ഥാനം നഷ്ടമായ മുൻ സിപിഎം അംഗം കൂടിയായ കൗൺസിലർ ബിനു പുളിക്കക്കണ്ടവും അവിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കാം.മുൻ ധാരണപ്രകാരം നിലവിലെ ചെയർമാൻ ഷാജു തുരുത്തൻ രാജിവെക്കേണ്ട സമയത്താണ് അവിശ്വാസ പ്രമേയം വരുന്നത്. കരാർ പ്രകാരം ഷാജു തുരുത്തൻ രാജിവെക്കാത്തതിൽ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് എമ്മിൽ ഉൾപ്പെടെ അതൃപ്തിയുണ്ട്. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ഷാജു തുരുത്തന്റെ പ്രതികരണം. അങ്ങനെ ഒരു കരാറും ഇല്ലെന്ന് ഷാജു നയം വ്യക്തമാക്കി.ഷാജു രാജിവെക്കുന്നതോടെ ചെയർമാൻ സ്ഥാനം മോഹിച്ചിരിക്കുന്ന കേരള കോൺഗ്രസ് എമ്മുകാരെ അവിശ്വാസപ്രമേയത്തിൽ കൂടെ കൂട്ടാം എന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കേരള കോൺഗ്രസ് എം അംഗങ്ങൾ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെങ്കിലും നിലവിലെ പ്രതിസന്ധി പാർട്ടിയിൽ ഭിന്നത കൂട്ടാൻ ഉപകാരപ്പെടും എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ . 26 അംഗ നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണ വേണം. മറ്റ് സ്വതന്ത്ര കൗൺസിലർമാരുടെ നിലപാടും അവിശ്വാസ പ്രമേയത്തിൽ നിർണായകമാകും