ഒളിച്ചുകളിക്കുന്നതിനിടെ ടാര്‍വീപ്പയില്‍ കയറി ഒളിച്ച നാലര വയസുകാരിക്ക് അദ്ഭുത രക്ഷ. രണ്ടുമണിക്കൂറോളം അരയോളം ടാറില്‍ കുടുങ്ങിക്കിടന്ന കുരുന്നിനെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തത്. കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലിന് സമീപത്താണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം സഹോദരിക്കൊപ്പം ഒളിച്ചു കളിക്കുകയായിരുന്നു കുട്ടി. സമീപത്തെ റോഡ് ടാറിങ്ങിന് ഉപയോഗിച്ച ശേഷം മിച്ചം വന്ന ടാര്‍ ഇവരുടെ വീടിന് സമീപത്തായി വീപ്പയില്‍ വച്ചിരിക്കുകയായിരുന്നു. ഒളിക്കുന്നതിനായി അടുത്തുകിടന്ന കല്ലില്‍ ചവിട്ടി നാലരവയസുകാരി ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വേനല്‍ച്ചൂടില്‍ ഉരുകിക്കിടന്ന ടാറിലേക്ക് കുട്ടി അര ഭാഗത്തോളം താഴ്ന്നു പോയി.
നിലവിളിച്ചതോടെയാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് കുട്ടി അധികം താഴ്ന്ന് പോകാതെ പിടിച്ചു നിര്‍ത്തി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി വളരെ കുറച്ച് അളവില്‍ ഡീല്‍ ഒഴിച്ചതിന് ശേഷം വീപ്പയുടെ പകുതി മുറിച്ച് വേര്‍പെടുത്തുകയായിരുന്നു. ടാര്‍ ഇളകിവരാന്‍ വൈകിയതോടെ രക്ഷാപ്രവര്‍ത്തകര്‍ കൈ കൊണ്ട് ടാര്‍ തോണ്ടിയെടുത്ത് കുരുന്നിനെ പുറത്തെടുത്തു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.