cm-pressmeet

വയനാട് പുനരധിവാസത്തിന്റെ രൂപരേഖ വിശദീകരിച്ച് മുഖ്യമന്ത്രി. എല്‍സ്റ്റോണിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും . സുസ്ഥിര നിര്‍മാണ രീതിയില്‍ അഞ്ച് സെന്റില്‍ 1000 ചതുരശ്ര അടി വീടായിരിക്കും നിര്‍മിക്കുക. നെടുമ്പാലയില്‍ 10 സെന്റിലാകും ഒരു വീട്. കൃഷിക്കും സൗകര്യമുണ്ടാകും. വീടിനൊപ്പം ജീവനോപാധികളും ഏര്‍പ്പെടുത്തും. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും. എല്‍സ്റ്റോണില്‍ 58.5 ഹെക്ടര്‍റും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. ജനുവരി ഇരുപത്തിയ‍ഞ്ചിനകം ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കും

 

Read Also: മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പ് നിര്‍മാണച്ചുമതല ഊരാളുങ്കലിന്

മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ഭൂമി അതേ ഉടമസ്ഥതയില്‍ തുടരും. പുനരധിവാസം നടപ്പാക്കാന്‍ ത്രിതല സമിതികളുണ്ടാകും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിലായിരിക്കും സമിതികള്‍. കലക്ടറുടെ അധ്യക്ഷതയില്‍ ഇംപ്ലിമെന്‍റേഷന്‍ സമിതിയും ഉണ്ടാകും. മുണ്ടക്കൈ – ചൂരല്‍മല പുനഃരധിവാസത്തില്‍ നിര്‍മാണചുമതല ഊരാളുങ്കലിനായിരിക്കും. കിഫ്കോണ്‍ മേല്‍നോട്ടം വഹിക്കും. 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

അതേസമയം, മുണ്ടകൈ ഉരുൾ പൊട്ടൽ പുനരധിവാസ ടൗൺഷിപ്പിൽ സുപ്രധാന നീക്കവുമായി സർക്കാർ. പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങി. കൃഷി, വനം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായാണ് സർവേ നടപടി പൂർത്തിയാക്കുന്നത്. സ്പെഷ്യൽ ഓഫിസർ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്. കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് സംയുക്തമായാണ് ചുമതല. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ആവശ്യമായ ഭൂമിയിലെ മഹസറും തയ്യാറാക്കുന്നുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ പൂർത്തിയാക്കുന്നത്. 

എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും 78 ഹെക്ടറും നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റിൽ നിന്നും 68 ഹെക്ടറുമാണ് വേണ്ടത്. എൽസ്റ്റണിലെ സർവേ പൂർത്തിയാക്കുന്ന മുറക്ക് ഹാരിസണിലെ സർവേ തുടങ്ങും. മഹസർ പരിഗണിച്ചായിരിക്കും എസ്റ്റേറ്റുടമകൾക്ക് നഷ്ടപരിഹാരം കണക്കാക്കുക. പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Two townships in Elstone and Nedumbala; Chief Minister explains the outline