വയനാട് പുനരധിവാസത്തിന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്. കര്‍ണാടക സര്‍ക്കാരിന്‍റെ പ്രതിനിധിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ ഒന്‍പതുപേര്‍ പങ്കെടുക്കും. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.
വയനാട് പുനരധിവാസം വൈകുന്നുവെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടെയാണ് സഹായ വാഗ്ദാനം നല്‍കിയവരുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി ആരംഭിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും, രാഹുല്‍ഗാന്ധിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 50 വീടുകളില്‍കൂടുതല്‍ നല്‍കാമെന്ന് സമ്മതിച്ച ഒന്‍പതു പേരാണ് യോഗത്തില്‍ പങ്കെടുക്കുക. മുസ് ലിം ലീഗ്, ഡിവൈഎഫ്ഐ നേതൃത്വവും യോഗത്തിനെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ടി. സിദ്ധിഖ് എന്നിവരും പങ്കെടുക്കും.
സ്ഥലം ഏറ്റെടുക്കലിന്‍റെ വിശദാംശങ്ങളും ചീഫ് സെക്രട്ടറി തയാറാക്കിയ പുനരധിവാസ പ്ലാനും മുഖ്യമന്ത്രി വിശദീകരിക്കും. എന്തെല്ലാം കാര്യങ്ങള്‍ നേരിട്ട് ചെയ്യാന്‍ സ്പോണ്‍സര്‍മാര്‍ താല്‍പര്യപ്പെടുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. പുനരധിവാസ പദ്ധതിയുടെ ആദ്യ നടപടികളെങ്കിലും യോഗത്തില്‍വെച്ച് തീരുമാനിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കലിനും മേല്‍നോട്ടം കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ കിഫ്കോണിനും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനോട് സ്പോണ്‍സര്‍മാര്‍ യോജിക്കണം.
ചീഫ് സെക്രട്ടറി തയാറാക്കിയ പുനരധിവാസ പ്ളാനിന്‍റെ വിശദാംശങ്ങള്‍ മന്ത്രിസഭ പരിഗണിക്കും. 50 വീടുകളില്‍ താഴെ വാഗ്ദാനം ചെയ്തവരുമായി നാലാം തീയതി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പുനരധിവാസ പ്രക്രിയുടെ ആദ്യ പ്രധാന ചുവടിനാണ് തുടക്കമാകുന്നത്. സമയബന്ധിതമായി തുടര്‍ നടപടികള്‍സ്വീകരിക്കുക, വിവാദങ്ങള്‍ ഒഴിവാക്കുക എന്നിവ സര്‍ക്കാരിന് വരാന്‍ പോകുന്ന
തിരഞ്ഞെടുപ്പ് കാലങ്ങളില്‍ അതീവ പ്രധാനമാണ്.