vk-sreekandan-nhai

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ധാര്‍ഷ്ട്യമെന്ന് വി.കെ.ശ്രീകണ്ഠന്‍. അപകടവളവ് പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രി നേരിട്ട് അതോറിറ്റി ചെയര്‍മാനോട് പറഞ്ഞതാണ്. മന്ത്രി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍. നാളെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെകണ്ട് സാഹചര്യം വിശദീകരിക്കുമെന്നും എം.പി പറഞ്ഞു.

 

സിമന്റ് ലോറി മറിഞ്ഞ് 4 വിദ്യാർഥികൾ ദാരുണമായി മരണപ്പെട്ട പാലക്കാട് പനയമ്പാടം സ്ഥിരം അപകട കേന്ദ്രം. വളവ് നിവര്‍ത്താതെ റോഡ് നിര്‍മിച്ചത് അപകടങ്ങള്‍ക്ക് മുഖ്യകാരണം. ദുബായ്കുന്ന് മുതല്‍ പള്ളിപ്പടി വരെ നൂറിലേറെ  അപകടങ്ങള്‍ സംഭവിച്ചു. പലതവണ സമരം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട്. 

അപകടസ്ഥലത്ത് മണിക്കൂറുകള്‍ നാട്ടുകാരുടെ രോഷം. അപകടമുണ്ടായ റോഡില്‍ കൂടി വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജനങ്ങളെ അനുനയിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേത്യത്വത്തില്‍ ശ്രമിച്ചു. റോഡിലെ പ്രശ്നപരിഹാരത്തിന് നാളെ കലക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച വിളിച്ചു. അപകടങ്ങളൊഴിവാക്കാന്‍ കര്‍ശനനടപടികളെടുക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ്കുമാര്‍. പനയമ്പാടം സ്ഥിരം അപകടമേഖലയെങ്കില്‍ ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ പരിശോധിക്കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ പറഞ്ഞിരുന്നു. 2022 വരെയുള്ള കണക്ക് പ്രകാരം 7 പേർ മരിച്ചു. 65 പേർക്കാണ് പരുക്കേറ്റത്. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടക്കെണിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവില്ലെന്നതാണ് വസ്തുത. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന 2 സ്കൂളുകളഉം പ്രദേശത്തുണ്ട്.

ENGLISH SUMMARY:

VK Sreekandan against National Highway Authority

Google News Logo Follow Us on Google News