കൊച്ചി–സേലം ദേശീയപാതയില്‍ കോയമ്പത്തൂരിനു സമീപം മധുക്കരയില്‍ കാര്‍ ലോറിയിലിടിച്ച് മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. തിരുവല്ല ഇരവിപേരൂർ നെല്ലാട് കുറ്റിയില്‍ ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ, രണ്ട് മാസം പ്രായമുള്ള ആരോൺ എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഴ്സിങ് വിദ്യാർഥിനിയായ മകൾ അലീനയുടെ പരീക്ഷയ്ക്കായി ബെംഗളുരുവിലേക്ക് യാത്ര തിരിച്ചതായിരുന്നു ജേക്കബും കുടുംബവും. കോയമ്പത്തൂരിന് സമീപം മധുക്കരയിൽ എത്തിയപ്പോൾ കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷീബയും ആരോണും തൽക്ഷണം മരിച്ചു. വാഹനം ഓടിച്ചിരുന്ന ജേക്കബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്കാണ് കുടുംബം ഇരവിപേരൂരില്‍ നിന്ന് യാത്ര തിരിച്ചതെന്നും പാലക്കാട്ടെത്തിയപ്പോള്‍ വിളിച്ചിരുന്നതാന്നും അയല്‍ക്കാര്‍ പറഞ്ഞു.
പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് അലീന. ലോറി ഡ്രൈവർ ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുക്കൾ എത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകുമെന്ന് മധുക്കര പൊലീസ് അറിയിച്ചു.