അപകടമുണ്ടാകുമ്പോഴെങ്കിലും പഠിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആലോചിച്ച് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്നും എംഎല്‍എ പ്രതികരിച്ചു.
തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവിടെ ഒരു ശാസ്ത്രീയമായ പ്രശ്നമുണ്ടെന്നും
അതിനു പരിഹാരം ഉണ്ടാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പരീക്ഷയായതുകൊണ്ട് വിദ്യാര്‍ഥികള്‍ റോഡില്‍ കുറവായിരുന്നു. ഒരു സാധാരണ ദിവസം പോലെ ആയിരുന്നെങ്കിൽ അപകടത്തിന്‍റെ വ്യാപ്തി വലുതാകുമായിരുന്നു എന്നും രാഹുല്‍ പറഞ്ഞു.
അപകടങ്ങള്‍ കുറയ്ക്കണമെന്നും ആരും മരിക്കാൻ പാടില്ല എന്നതുമാണ് നാട്ടുകാരുടെ വികാരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലേക്ക് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കരിമ്പയില്‍ നിയന്ത്രണംവിട്ട ലോറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഇടിച്ചുകയറി 4 പെണ്‍കുട്ടികളാണ് മരിച്ചത്. വഴിയിരികില്‍ ബസ് കാത്തുനിന്ന കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ലോറിക്കടിയില്‍ കുട്ടികള്‍ കുടുങ്ങിക്കിടന്നിരുന്നു. പാലക്കാട് നിന്ന് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുകുട്ടികള്‍ക്ക് പരുക്കേറ്റു.
പ്രദേശം സ്ഥിരം അപകടമേഖലയാണെന്ന് ചൂണ്ടിക്കാട്ടി അപകടത്തിനു പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അപകടമുണ്ടായ റോഡില്‍ കൂടി വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയും പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.