മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റക്കുറ്റപ്പണിയിലെ തര്‍ക്കത്തില്‍ കുമരകത്ത് ഇന്ന് കേരള–തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ചര്‍ച്ചനടത്തും. പ്രഭാത ഭക്ഷണസമയത്താകും മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യുക. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് സ്റ്റാലിൻ പിണറായിയുമായി ചർച്ച ചെയ്യുമെന്ന് ജലവിഭവമന്ത്രി ദുരൈമുരുകൻ തമിഴ്നാട് നിയമസഭയിൽ അറിയിച്ചിരുന്നു. ഭാര്യ ദുർഗയും സ്റ്റാലിനൊപ്പമുണ്ട്.
വൈക്കത്ത് നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായാണ് എം.കെ.സ്റ്റാലിന്‍ കേരളത്തിലെത്തിയത്. പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കും. വൈക്കം ബീച്ച് മൈതാനിയിലെ പൊതുസമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി അയ്യായിരത്തിലധികമാളുകൾ പങ്കെടുക്കും.
ശക്തമായ സുരക്ഷയാണ് കുമരകത്ത്. ഇന്നലെ നടത്തിയ അവസാനവട്ട സുരക്ഷാ അവലോകന യോഗത്തിൽ തമിഴ്നാട് എസ്പി ശക്തിവേൽ, കേരള പൊലീസിലെ ഡിവൈഎസ്പിമാരായ കെ.ജി.അനീഷ്, പിപ്സൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു. വൈക്കത്തെ ഒരുക്കം മന്ത്രി വി.എൻ.വാസവൻ, മന്ത്രി എ.വി.വേലു, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി.