മനോരമ ന്യൂസ് തുറന്നുകാട്ടിയ കൊച്ചിയിലെ മാലിന്യ മാഫിയക്കെതിരെ വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റ്. രണ്ട് ശുചിമുറി മാലിന്യ പ്ലാന്റുകളിലടക്കം ഏഴിടത്ത് വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍.
പൊതുസ്ഥലത്ത് ശുചിമുറി മാലിന്യം തള്ളാൻ ശ്രമിച്ച രണ്ട് ടാങ്കറുകൾ പിടിച്ചെടുത്തതിന് പുറമെ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാണ് മിക്ക ടാങ്കറുകളും ഓടുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.
മാര്‍ച്ചിലായിരുന്നു ഇരുട്ടിന്‍റെ മറവില്‍ കൊച്ചിനഗരത്തിന്‍റെ മുക്കും മൂലയും കക്കൂസ് മാലിന്യത്തില്‍ മുക്കുന്ന മാലിന്യമാഫിയയെ മനോരമ ന്യൂസ് തുറന്നുകാട്ടിയത്. വാര്‍ത്തയ്ക്ക് പിന്നാലെ പൊലീസ് പരിശോധന കര്‍ശനമാക്കി ടാങ്കറുകളിലെ ഭീമന്‍ വാല്‍വുകളടക്കം നീക്കം ചെയ്തു.
പത്ത് മാസത്തിനിപ്പുറം നഗരസഭയിലെ ചിലരുടെ ഒത്താശയോടെ ശുചിമുറി മാഫിയ വീണ്ടും തലപൊക്കി. ഇതോടെയാണ് ഇരുട്ടിന്‍റെ മറവില്‍ നാടിനെ കുട്ടിചോറാക്കുന്നവര്‍ക്ക് ഇരുട്ടടി നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. അര്‍ധരാത്രിയോടെ തുടങ്ങിയ മിന്നല്‍ പരിശോധന പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടു.
പരിശോധിച്ച 32 ടാങ്കറുകളിൽ 25 എണ്ണത്തിനും നിയമലംഘനങ്ങള്‍. മാലിന്യം പൊതു നിരത്തുകളിൽ അതിവേഗം തള്ളി കടന്നുകളയാന്‍ സഹായിക്കുന്ന ഭീമന്‍വാള്‍വുകളും മിക്ക വാഹനങ്ങളിലും കണ്ടെത്തി. ബ്രഹ്മപുര, ഐലൻഡ് പ്ലാന്റുകളിലെ സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതം.
പിടികൂടിയ ടാങ്കറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമലംഘിച്ച് സര്‍വീസ് നടത്തിയ ടാങ്കറുകള്‍ക്കും മുട്ടന്‍ പണികിട്ടും. ഡിവൈഎസ്പിമാരായ കെ.എ തോമസ്, ടോമി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.