കോഴിക്കോട് വടകരയില്‍ കാറിടിച്ച് പത്ത് മാസമായി ചികിത്സയിലിരുന്ന ദൃഷാനയുടെ തുടര്‍ചികില്‍സ അനിശ്ചിതത്വത്തില്‍. വീടിന്‍റെ അന്തരീക്ഷത്തില്‍ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജില്‍ നിന്ന് വാടക വീട്ടിലേക്ക് താമസം മാറിയതെങ്കിലും ചികില്‍സാചെലവ് എങ്ങനെ കണ്ടെത്തുമെന്ന് കുടുംബത്തിന് ധാരണയില്ല.
ഒമ്പതുവയസുകാരി ദൃഷാനയ്ക്ക് ചുറ്റും കണ്ണിമചിമ്മാതെ ഇങ്ങനെ കാവലിരിക്കുന്നുണ്ട് ഈ അമ്മയും കുടുംബവും. നീണ്ട പത്ത് മാസത്തെ ആശുപത്രി വാസത്തിനുശേഷം കുന്ദമംഗലത്തിനടുത്തെ കൊളായിത്താഴത്തെ വാടകവീട്ടിലേക്ക് എത്തിയതേ ഉള്ളൂ. ഓടി കളിച്ച് നടന്നിരുന്ന പഴയ വീടകമല്ല. എപ്പോഴ്‍ വേണമെങ്കിലും പൊഴിഞ്ഞുവീഴാവുന്ന കണ്ണീര്‍തുള്ളി ഒളിപ്പിച്ചാണ് ഇവരുടെ ജീവിതം. എങ്കിലും ദൃഷാനയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ ചിരിക്കാന്‍ ശ്രമിക്കും. മോള്‍ക്ക് കാണാന്‍ കഷ്ടപ്പാടിനിടയിലും ഒരു ടിവി വാങ്ങിയിട്ടുണ്ട്. സന്തോഷത്തിന്‍റെ ഏതെങ്കിലും നിമിഷത്തില്‍ ഓര്‍മകളെ കുഞ്ഞ് തിരിച്ച് പിടിക്കും എന്ന പ്രതീക്ഷയില്‍.
ഫെബ്രുവരി 17 –ന് ആണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയെയും അമ്മൂമ്മ ബേബിയെയും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറുപ്പിച്ചത്. ബേബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ഇടിച്ച വാഹനം പൊലീസ് കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും പത്ത് മാസം പിന്നിട്ടിരുന്നു. ഇനി ഇന്‍ഷൂറന്‍സ് തുക കിട്ടുമെന്ന പ്രതീക്ഷയുണ്ട്. പക്ഷെ നടപടിക്രമങ്ങള്‍ എല്ലാം തീരാന്‍ എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല.