ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ചൂരൽമലയിലെ ശ്രുതി ഇന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥ. റവന്യു വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. രാവിലെ കലക്ടറേറ്റിലെത്തി എ.ഡി.എം മുമ്പാകെയായിരുന്നു പ്രവേശനം.
ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ന് രാവിലെ കലക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു. പ്രതിശ്രുത വരൻ ജെൻസനൊപ്പം വാഹനാപകടത്തിൽ പെട്ട ശ്രുതിക്ക് കാലിനേറ്റ പരുക്ക് പൂർണമായി ഭേദമായില്ലെങ്കിലും ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് ശ്രുതി.
ജോലി ലഭിച്ചതിൽ സന്തോഷമെന്നും കാണാൻ ജെൻസൺ കൂടെയില്ലാത്തതാണ് അലട്ടുന്ന സങ്കടമെന്നും ശ്രുതി മനോരമ ന്യൂസിനോട് പറഞ്ഞു. ദിവസങ്ങൾക്കകം നിയമനം നൽകാനായതിൽ അഭിമാനമുണ്ടെന്നും റവന്യൂ കുടുംബത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നുമായിരുന്നു കെ. രാജന്റെ പ്രതികരണം.
നിലവിൽ വാടക വീട്ടിലാണ് ശ്രുതി കഴിയുന്നത്. ഉണ്ടായിരുന്നതെല്ലാം ഒരൊറ്റ രാത്രി കൊണ്ടും പിന്നീടുണ്ടായ അപകടത്തിലും നഷ്ടമായ ശ്രുതിക്ക് ഈ ജോലി ഒരു ആശ്രയമായും.