വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ദുരന്തബാധിതരുടെ ആശങ്കയ്ക്കു ഒട്ടും കുറവില്ല. തീരാത്ത വേദനകൾക്കിടയിലും സാമ്പത്തിക ബുദ്ധിമുട്ട് കൂടി അനുഭവിക്കുന്നുണ്ട് മിക്ക ദുരന്തബാധിതരും. സർക്കാർ നൽകി വന്ന 9000 രൂപ ജീവനാംശ വിതരണം തുടരണമെന്നാണ് ഈ ജനതയുടെ ആവശ്യം.
ഉരുൾപൊട്ടിയിട്ടു നാലു മാസവും 6 ദിവസവും കഴിഞ്ഞു. അന്ന് ചൂരൽമലയിൽ ശാന്തക്കും അച്ഛൻ തമ്പിക്കും രണ്ടുനില വീടും 60 സെന്റ് ഭൂമിയും സ്വന്തമായി ഉണ്ടായിരുന്നതാണ്. ഇന്ന് അവസ്ഥയെ പറ്റി ചിന്തിക്കുമ്പോൾ ഇതു പോലെ കരയാറാണ് പതിവ്. ഒരു രൂപ പോലും കയ്യിലില്ല, ജോലിയോ വരുമാനമില്ല. ഉരുൾപൊട്ടിയ അന്ന് തുടങ്ങിയ ആശങ്ക ഇപ്പോഴുമുണ്ട്. എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് എല്ലാ ദുരന്തബാധിതരുടെയും മുന്നിൽ.
സർക്കാർ നൽകി വന്ന ജീവനാംശമായിരുന്നു ശാന്തയടക്കമുള്ള ദുരന്തബാധിതരുടെ ആശ്രയം. ദിവസവും 300 രൂപ വെച്ച് മാസം 9000 രൂപ. കുടുംബത്തിലെ രണ്ടു പേർക്കു വീതമാണ് വിതരണം ചെയ്തു വന്നത്. ഒരു മാസത്തേക്ക് വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഒരു മാസത്തേക്ക് കൂടി നീട്ടി. ഭൂരിഭാഗം പേർക്കും ജോലിയോ വരുമാനമോ ആവാത്തതിനാൽ തുടർന്നങ്ങോട്ട് എന്ത് എന്നതാണ് ആശങ്ക. പുനരധിവാസം നീളുന്നത് പരിഗണിച്ചു ജീവനാംശ വിതരണവും തുടരണം. തൊഴിൽ ലഭ്യമാക്കണം. ഉരുൾപൊട്ടലുണ്ടായി നാലു മാസം പിന്നിടുമ്പോഴും ദുരന്തബാധിതർക്ക് മുന്നിൽ തത്കാലം അതേ ഒള്ളൂ ഒരാശ്രയം.