അന്വേഷണത്തിൽ പിഴവുണ്ടെങ്കിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ. സിബിഐയുടെ അന്വേഷണം വേണോ എന്ന കാര്യമാണ് ഇപ്പോൾ പരിശോധന ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ പിഴവുകളില്ലെന്നും സിബിഐ വേണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു
നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം കൃത്യമായി രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. നിലവിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തു. അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ട് കോടതി പറഞ്ഞാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ.കെ.പി.സതീശൻ അറിയിച്ചു. എന്നാൽ സിബിഐ തയ്യാറാണോ എന്നല്ല, മറിച്ച് കേസിൽ സിബിഐ അന്വേഷണം വേണോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം ശരിയായ ദിശയിലാണോ എന്നറിയാന്‍ കേസ് ഡയറി പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. നവീൻ ബാബുവിൻ്റെ മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നോ എന്ന് ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തോട് കോടതി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ എന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി മറുപടി സത്യവാങ്മൂലം നൽകാനും നവീൻ ബാബുവിന്റെ കുടുംബത്തിന് കോടതി നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജി അടുത്ത വ്യാഴാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും