എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ അന്വേഷണത്തിന് സിബിഐ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തിലെ സർക്കാർ നിലപാട് നാളെ ഹൈക്കോടതിയെ അറിയിക്കും. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സർക്കാർ സത്യവാങ്മൂലം നൽകും.
നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ നാളെ നിലപാട് അറിയിക്കുക. നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ വീഴ്ചയില്ല. അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിക്കും. അന്വേഷണത്തിന്‍റെ കേസ് ഡയറി പൊലീസ് സമർപ്പിച്ചിട്ടുണ്ട്. കേസ് ഡയറിയും, സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലവും നാളെ ഹൈക്കോടതി പരിഗണിക്കും.
പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണെന്നും, പ്രത്യേകാന്വേഷണ സംഘം എന്ന പേരുമാത്രമേയുള്ളൂവെന്നുമാണ് ഹർജിയിലെ വാദം. നവീൻ ബാബുവിന്റെ കുടുംബത്തിന്‍റെ ആശങ്ക പരിഹരിക്കുന്നതിനാണ് പ്രാമുഖ്യമെന്നും, അന്വേഷണ ഏജൻസി ഏതാണെന്നതല്ല വിഷയമെന്നും മന്ത്രി കെ.രാജൻ പ്രതികരിച്ചു