എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിനായി പൊലീസ് സംഘം കലക്ടറുടെ ഔദ്യോഗിക വസതിയിലെത്തും. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. അതേസമയം, ആരോപണവിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വൈകും. ഇന്ന് കേസ് നമ്പര്‍ ലഭിച്ച ശേഷം പൊലീസിനോടും പ്രോസിക്യൂഷനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയാകും ചെയ്യുക. ഹര്‍ജിയില്‍ നവീന്‍റെ കുടുംബവും കക്ഷിചേരും.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി.ദിവ്യയെ പൊലീസ് സംരക്ഷിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. സൈബര്‍ ആക്രമണമെന്ന ദിവ്യയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ ഉടന്‍ കേസെടുക്കുകയും ചെയ്തു. എഡിഎം മരിച്ച് മൂന്നാംദിവസമാണ് ദിവ്യയ്ക്കെതിരെ കേസെടുക്കാന്‍ തുനിഞ്ഞത്. അതും ബന്ധുക്കളുടെ പരാതി കിട്ടിയശേഷം.
ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ടിട്ടും ദിവ്യയെക്കുറിച്ച് പൊലീസിന് ഒന്നും അറിയേണ്ട, ചോദ്യം ചെയ്യാന്‍ താല്‍പര്യവുമില്ല. മുന്‍കൂര്‍ജാമ്യം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന നിലപാടിലാണ് അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യ നീക്കം പൊലീസിന് നേരത്തെ അറിയാമായിരുന്നു. ജാമ്യാപേക്ഷ നല്‍കിയശേഷം ദിവ്യ വീട്ടില്‍ നിന്നും മാറുകയും ചെയ്തു. അപ്പോഴും പൊലീസിന് കുലുക്കമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയുണ്ടെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ പൊലീസിന് നടപടിയിലേക്ക് കടക്കാമായിരുന്നു. അതിനും ശ്രമമുണ്ടായില്ല.
കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസ് സ്റ്റേഷന്‍റെ നേരെ മുന്നിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ദിവ്യ രഹസ്യമായെത്തി രാജിക്കത്ത് നല്‍കി മടങ്ങി. തൊട്ടുമുന്നില്‍ വന്നുനിന്ന ദിവ്യയെ തൊടാന്‍ തയ്യാറാകാതിരുന്നതും പൊലീസിന്‍റെ നിലപാട് വ്യക്തമാക്കുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം ദിവ്യയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ കണ്ണപുരം പൊലീസ് കേസെടുത്തത്. പ്രതിയുടെ ഭര്‍ത്താവിന്റെ പരാതി കിട്ടിയ ഉടന്‍ കേസെടുക്കുന്ന പൊലീസ് പ്രതിക്കെതിരെ ചെറുവിരല്‍ അനക്കാത്തതാണ് വലിയ വൈരുധ്യം.