എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍, കണ്ണൂര്‍ കലക്ടറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് റവന്യൂമന്ത്രിയും സിപിഐയും. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അസിസ്റ്റന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ. ഗീതയോട് എല്ലാ രേഖകളും പരിശോധിക്കാനും മൊഴികള്‍ കൃത്യമായി രേഖപ്പെടുത്താനുമാണ് റവന്യൂ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ സ്വീകരിക്കുക.
നവീന്‍ ബാബുവിന്‍റെ മുന്നിലെത്തിയ പെട്രോള്‍പമ്പ് സംബന്ധിച്ച അപപേക്ഷ, ഫയല്‍നീക്കം എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും അസിസ്റ്റന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ഗീത പരിശോധിക്കും. നവീന്‍ബാബുവിന്‍റെ സ്ഥലം മാറ്റ ഉത്തരവ് ഒക്ടോബര്‍ 4 ന് പുറപ്പെടുവിച്ചിട്ടും 14 വരെ റിലീവിങ് ഉത്തരവ് നല്‍കാത്തതെന്തെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. കലക്ടറുടെ അധ്യക്ഷതയില്‍ചേര്‍ന്ന യാത്രഅയപ്പു യോഗത്തിന്‍റെ സമയം മാറ്റിയത് ദുരൂഹമാണെന്ന ആക്ഷേപവും ഉര്‍ന്നിട്ടുണ്ട്.
പി.പി.ദിവ്യ യോഗത്തില്‍ ആരോപണം ഉയര്‍ത്തിയിട്ടും കലക്ടര്‍ ഇടപെടാതിരുന്നത് പ്രോട്ടോക്കോള്‍ അനുസരിച്ചാണെന്ന വാദം റവന്യൂ വകുപ്പ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായ മൊഴികള്‍ രേഖപ്പെടുത്താനും കൂടാതെ എല്ലാ രേഖകളും പരിശോധിക്കാനുമാണ് റവന്യൂ വകുപ്പ്, അസിസ്റ്റന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ. ഗീതക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ. ഗീതയുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിയുടെയും റവന്യൂ സെക്രട്ടറിയുടെയും അഭിപ്രായം ആരായും. അതിന് ശേഷമാകും കലക്ടറെ മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
എന്നാല്‍ കണ്ണൂര്‍ കലക്ടറെ സിപിഐ വിചാരിച്ചാല്‍ മാത്രം മാറ്റാനാവില്ല. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും പച്ചക്കൊടി ഇതിന് ആവശ്യമാണ്. കൂടാത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം സംരക്ഷിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ കലക്ടറെ മാത്രം കുരുതികൊടുക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.